മുംബൈ: നടൻ സെയ്ഫ് അലി ഖാൻ ആക്രമണത്തിന് ഇരയായ സംഭവത്തിൽ ട്വിസ്റ്റ്. സെയ്ഫ് അലി ഖാൻ ആക്രമണത്തിന് ഇരയായ വീട്ടിൽ നിന്ന് ശേഖരിച്ച 19 സെറ്റ് വിരലടയാളങ്ങൾ പ്രതിയായ ഷരീഫുൾ ഇസ്ലാമിന്റെ വിരലടയാളങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
മുംബൈ പോലീസ് സെയ്ഫ് അലി ഖാന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ വിരലടയാളങ്ങൾ സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ (സിഐഡി) ഫിംഗർപ്രിന്റ് ബ്യൂറോയിലേക്ക് അയച്ചതായി വൃത്തങ്ങൾ അറിയിച്ചു.
സിസ്റ്റം ജനറേറ്റഡ് റിപ്പോർട്ടിൽ പ്രതിയായ ഷരീഫുൽ ഇസ്ലാമിന്റെ വിരലടയാളങ്ങളുമായി ഇവ പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തി. പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് സി.ഐ.ഡി മുംബൈ പോലീസിനെ അറിയിച്ചു. കൂടുതൽ പരിശോധനയ്ക്കായി മുംബൈ പോലീസ് കൂടുതൽ സാമ്പിളുകൾ അയച്ചിട്ടുണ്ട്.
ജനുവരി 15-നാണ് സെയ്ഫ് അലി ഖാന്റെ വീട്ടിൽ ആക്രമി അതിക്രമിച്ചു കയറിയത്. തുടർന്ന് നടന്ന ആക്രമണത്തിൽ 54-കാരനായ നടന് ആറു കുത്തേറ്റു. ഗുരുതരമായ പരിക്കുകളോടെ സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സെയ്ഫ് ആശുപത്രി വിട്ടത്. അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശി പൗരനാണ് പ്രതിയായ ഷരീഫുൾ ഇസ്ലാം.
പണത്തിന് പകരമായി വ്യാജ പൗരത്വ രേഖകൾ ഉണ്ടാക്കിത്തരാമെന്ന് ഒരാൾ വാഗ്ദാനം ചെയ്തുവെന്നും ഇതാണ് മോഷണം നടത്താൻ കാരണമെന്നും ഇയാൾ പോലീസിനോട് വ്യക്തമാക്കിയിരുന്നു.