വാഷിംഗ്ടണ്‍ – ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്നതിനെതിരെ ഇറാനു ശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാൻ ഇത്തരത്തിൽ നീക്കം നടത്തിയാൽ സമാനതകളില്ലാത്ത സൈനിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് വ്യക്തമാക്കി. മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാന്റെ 10 കപ്പലുകൾ യുഎസ് സൈന്യം തകർത്തതായും, വരും മണിക്കൂറുകളിൽ കൂടുതൽ കപ്പലുകൾ നശിപ്പിക്കുമെന്നും അദ്ദേഹം തന്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടയുമെന്ന് ഇറാൻ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം. നിലവിൽ ഈ മേഖലയിൽ ഗതാഗതം തടസ്സപ്പെട്ടത് ആഗോള വിപണിയിൽ എണ്ണവില വലിയ തോതിൽ ഉയരാൻ കാരണമായിട്ടുണ്ട്.
സ്ഥാപിച്ച മൈനുകൾ ഇറാൻ സ്വയം നീക്കം ചെയ്യുകയാണെങ്കിൽ അത് ഉചിതമായ നടപടിയായിരിക്കുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു. അല്ലാത്തപക്ഷം, ലാറ്റിനമേരിക്കൻ തീരങ്ങളിൽ മയക്കുമരുന്ന് കപ്പലുകളെ തകർക്കാൻ ഉപയോഗിക്കുന്ന അതിവേഗ മിസൈലുകൾ ഉപയോഗിച്ച് ഇറാന്റെ നീക്കങ്ങളെ അടിച്ചമർത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ലോകത്തിലെ മൊത്തം എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണിത്. ചൊവ്വാഴ്ച രാത്രിയോടെ മൈൻ സ്ഥാപിക്കാൻ ശ്രമിച്ച 16 ഇറാൻ കപ്പലുകൾ തകർത്തതായി യുഎസ് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, നിലവിൽ എണ്ണ ടാങ്കറുകൾക്ക് യുഎസ് നാവികസേന നേരിട്ട് അകമ്പടി സേവിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.



