വാഷിങ്ടൻ– ഇന്ത്യക്ക് മേൽ തീരുവ ചുമത്തിയതിന് പിന്നാലെ പാക് എണ്ണ ശേഖരണങ്ങളുടെ വികസനത്തിനായി പാകിസ്ഥാനുമായി നിർണ്ണായക കരാറിൽ ഒപ്പിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പാകിസ്താന്റെ എണ്ണ ശേഖരണം വികസിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പറഞ്ഞ ട്രംപ് പാകിസ്ഥാൻ ഒരു ദിവസം ഇന്ത്യക്ക് എണ്ണ വിൽക്കുമെന്നും പറയുകയുണ്ടായി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, ഏത് എണ്ണകമ്പനിയാണ് കരാറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്ക് മേൽ 25 % താരിഫ് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ നീക്കം. ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും ലോകത്തിലെ ഏറ്റവും കൂടുതൽ താരിഫ് ചുമത്തുന്ന രാജ്യമാണ് ഇന്ത്യ എന്നായിരുന്നു ട്രംപിന്റെ വാദം. റഷ്യയിൽ നിന്ന് എണ്ണയും ആയുധവും ഇറക്കുമതി ചെയ്യുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ട്രംപ് ഇന്ത്യക്ക് മേൽ തീരുവ പ്രഖ്യാപിച്ചത്. റഷ്യയുമായുള്ള വ്യാപാരം തുടർന്നാൽ പിഴ ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തുകയുണ്ടായി.