വാഷിംഗ്ടണ്‍ – ഇറാന് നാവിക സേനയെ അമേരിക്കന്‍ സൈന്യം പൂര്‍ണമായും തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ ഒമ്പതു യുദ്ധക്കപ്പലുകള്‍ മുക്കിയതായും ശേഷിക്കുന്നവ വൈകാതെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇറാന് നാവിക സേനയുടെ കമാന്‍ഡ് ആസ്ഥാനത്തും ആക്രമണം നടത്തിയിട്ടുണ്ട്. അത് വലിയതോതില്‍ തകര്‍ന്നു. ഇറാന് നാവിക സേനയെ പൂര്‍ണ്ണമായും നശിപ്പിക്കാനുള്ള പദ്ധതികള്‍ വെളിപ്പെടുത്തിയ ട്രംപ്, ശേഷിക്കുന്ന ഇറാന് യുദ്ധക്കപ്പലുകള്‍ ഉടന്‍ മുക്കുമെന്ന് പ്രസ്താവിച്ചു.
ഇറാന്റെ ജമറാന്‍ ക്ലാസ് യുദ്ധക്കപ്പല്‍ ആക്രമിച്ചതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കപ്പല്‍ നിലവില്‍ ചബഹാര്‍ തുറമുഖത്തിന് സമീപം ഒമാന്‍ ഉള്‍ക്കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങുകയാണെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. പ്രസിഡന്റ് പറഞ്ഞതുപോലെ, ഇറാന് സായുധ സേന, റെവല്യൂഷണറി ഗാര്‍ഡ്, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ആയുധങ്ങള്‍ താഴെയിടണം. കപ്പല്‍ ആക്രമിച്ച സാഹചര്യങ്ങളെ കുറിച്ചോ ഓപ്പറേഷന്റെ കൃത്യമായ സമയത്തെ കുറിച്ചോ സെന്‍ട്രല്‍ കമാന്‍ഡ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. യു.എസ് പ്രസ്താവനയെ കുറിച്ച് ഇറാന് ഭാഗത്ത് നിന്ന് ഔദ്യോഗിക അഭിപ്രായമൊന്നും ഉണ്ടായിട്ടില്ല. യു.എസ് വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കണിനെ നാല് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമിച്ചതായി ഇറാന് റെവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ കപ്പല്‍ മുക്കിയെന്ന സെന്‍ട്രല്‍ കമാന്‍ഡ് പ്രഖ്യാപനം വന്നത്. വിമാനവാഹിനി കപ്പലിനു നേരെ ആക്രമണം നടത്തിയെന്ന റെവല്യൂഷണി ഗാര്‍ഡിന്റെ അവകാശവാദം യു.എസ് സൈന്യം നിഷേധിച്ചു.
ഇറാന് സൈന്യത്തിനെതിരെ യു.എസ് പ്രതിരോധ വകുപ്പ് (പെന്റഗണ്‍) ബോംബാക്രമണം ശക്തമാക്കിയിട്ടുണ്ട്. 2,000 പൗണ്ട് ഭാരമുള്ള ബോംബുകള്‍ ഉപയോഗിച്ച് ഇറാന്റെ ഉറപ്പുള്ള ഭൂഗര്‍ഭ മിസൈല്‍ സൗകര്യങ്ങള്‍ ആക്രമിക്കാനായി ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ വിന്യസിച്ചിട്ടുണ്ട്.



