വാഷിംഗ്ടണ്‍ – ഇറാൻ അമേരിക്കക്ക് നൽകിയ വിലയേറിയ സമ്മാനത്തെക്കുറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി. വെടിനിർത്തൽ ചർച്ചകൾക്ക് മുന്നോടിയായി എട്ട് കൂറ്റൻ എണ്ണ ടാങ്കറുകളാണ് ഇറാൻ അമേരിക്കയ്ക്ക് സമ്മാനമായി നൽകിയത്. തന്റെ ഭരണകൂടത്തിന് അന്താരാഷ്ട്ര തലത്തിലുള്ള ശക്തിയുടെയും സ്വാധീനത്തിന്റെയും വ്യക്തമായ തെളിവായിട്ടാണ് ട്രംപ് ഈ നീക്കത്തെ വിശേഷിപ്പിച്ചത്. തന്റെ ഉപദേഷ്ടാവായ സ്റ്റീവ് വിറ്റ്‌കോഫുമായുള്ള സംഭാഷണത്തിനിടെയാണ് ട്രംപ് ഈ രഹസ്യം പരസ്യമാക്കിയത്. ആ സമ്മാനത്തെക്കുറിച്ച് താൻ നേരത്തെ സൂചിപ്പിച്ചിരുന്നുവെന്നും അത് ഇപ്പോൾ വെളിപ്പെടുത്താമോ എന്ന് ട്രംപ് ചോദിച്ചപ്പോൾ, വിറ്റ്‌കോഫ് അതിന് പൂർണ്ണ സമ്മതം നൽകുകയായിരുന്നു.
അന്താരാഷ്ട്ര വേദിയിൽ തന്റെ പ്രവർത്തനങ്ങൾ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുക എന്നതായിരുന്നു ഈ പ്രഖ്യാപനത്തിലൂടെ ട്രംപ് ലക്ഷ്യമിട്ടത്. അമേരിക്കക്ക് ലഭിച്ച ഈ എട്ട് കപ്പലുകളും വമ്പൻ എണ്ണ ടാങ്കറുകളാണെന്നും അവയിൽ പാകിസ്ഥാൻ പതാകയാണ് ഉണ്ടായിരുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാൻ നൽകിയ ഈ അപ്രതീക്ഷിത സമ്മാനത്തിന് വലിയ ഭൗമരാഷ്ട്രീയ പ്രാധാന്യമുണ്ടെന്നും യു.എസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.



