വാഷിംഗ്ടണ്‍– ഇറാനുമായുള്ള യുദ്ധത്തിന്റെ തുടക്കത്തില്‍, മുന്‍ ഇറാന്‍ പ്രസിഡന്റ് മഹ്‌മൂദ് അഹമ്മദി നെജാദിനെ വീണ്ടും അവിടുത്തെ പ്രസിഡന്റായി വാഴിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആലോചിച്ചിരുന്നതായി വെളിപ്പെടുത്തല്‍. യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രശസ്ത അന്താരാഷ്ട്ര മാധ്യമമായ ‘ന്യൂയോര്‍ക്ക് ടൈംസ്’ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇറാനില്‍ നിലവിലുള്ള ഭരണകൂടത്തെ മാറ്റി പകരം അഹമ്മദി നെജാദിനെ അധികാരത്തില്‍ പ്രതിഷ്ഠിക്കുക എന്നതായിരുന്നു അമേരിക്കയുടെയും ഇസ്രായിലിന്റെയും സംയുക്ത ലക്ഷ്യം. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വസതി ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ആക്രമണം, അവിടെ കാവല്‍ നിന്നിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ച് അഹമ്മദി നെജാദിനെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ വേണ്ടി ആസൂത്രണം ചെയ്തതായിരുന്നു. എന്നാല്‍ ഈ ആക്രമണത്തിനിടെ അഹമ്മദി നെജാദിന് പരിക്കേറ്റതോടെ ആ രഹസ്യ പദ്ധതി പരാജയപ്പെടുകയായിരുന്നു. അദ്ദേഹം നിലവില്‍ എവിടെയാണെന്ന കാര്യം ഇപ്പോഴും അജ്ഞാതമായി തുടരുകയാണെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം, പാശ്ചാത്യ രാജ്യങ്ങളുമായി സഹകരിച്ചെന്നും ഇസ്രായിലിനു വേണ്ടി ചാരപ്പണി നടത്തിയെന്നും ഉള്ള കടുത്ത ആരോപണങ്ങള്‍ ഇറാന്‍ അധികൃതര്‍ അഹമ്മദി നെജാദിനെതിരെ ഉന്നയിച്ചിരുന്നതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
നേരത്തെ, തെഹ്റാനിലുണ്ടായ വ്യോമാക്രമണത്തില്‍ അറുപത്തിയൊന്‍പതുകാരനായ മഹ്‌മൂദ് അഹമ്മദി നെജാദ് കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘ഇല്‍ന’ (ILNA) റിപ്പോര്‍ട്ട് ചെയ്തിരുന്നു. കിഴക്കന്‍ തെഹ്റാനിലെ വസതിയില്‍ വെച്ച് സ്വന്തം അംഗരക്ഷകനോടൊപ്പം അദ്ദേഹം കൊല്ലപ്പെട്ടു എന്നായിരുന്നു ഈ വാര്‍ത്ത. എന്നാല്‍ ഇസ്രായിലും അമേരിക്കയും നടത്തിയ ആക്രമണത്തില്‍ അഹമ്മദി നെജാദ് കൊല്ലപ്പെട്ടു എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്ന് കാണിച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ രംഗത്തെത്തുകയും ഈ റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായി നിഷേധിക്കുകയും ചെയ്തിരുന്നു.



