- ആക്രമണങ്ങള്‍ ആറു മാസം നീണ്ടുനില്‍ക്കുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍
സന്‍ആ – പടിഞ്ഞാറന്‍ യെമനില്‍ ഹൂത്തി മിലീഷ്യകളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയ വീഡിയോ ഇന്നു പുലര്‍ച്ചെയാണ് ട്രംപ് പുറത്തുവിട്ടത്. ചെങ്കടലിലെ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട് ഒത്തുചേര്‍ന്ന ഹൂത്തികളെ ലക്ഷ്യമാക്കി യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തുന്നത് വീഡിയോയിലുണ്ട്.
ബോംബാക്രമണത്തിന് മുമ്പ് ഡസന്‍ കണക്കിനാളുകള്‍ അര്‍ധവൃത്താകൃതിയില്‍ ഒത്തുകൂടിയതായി ആകാശ ചിത്രങ്ങള്‍ കാണിക്കുന്നു. ബോംബാക്രമണത്തെ തുടര്‍ന്ന് കട്ടിയുള്ള പുക ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നതും ബോംബ് സ്ഫോടനം നടന്ന സ്ഥലത്തിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ബോംബാക്രമണത്തിനു ശേഷം അവിടെ കുറച്ച് കാറുകള്‍ ഒഴികെ മറ്റൊന്നും അവശേഷിച്ചിട്ടില്ലെന്ന് വീഡിയോ വ്യക്തമാക്കുന്നു. ആക്രമണത്തിനുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കാനാണ് ഈ ഹൂത്തികള്‍ ഒത്തുകൂടിയത്. ക്ഷമിക്കണം, ഈ ഹൂത്തികളുടെ ആക്രമണം ഇനിയുണ്ടാകില്ല, അവര്‍ ഇനി നമ്മുടെ കപ്പലുകള്‍ മുക്കില്ല – എക്‌സ് പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ട്രംപ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച അല്‍ഹുദൈദ ഗവര്‍ണറേറ്റിലെ തീരദേശമായ അല്‍ഫാസ ഏരിയക്ക് തെക്ക് ഹൂത്തി ഒത്തുചേരല്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ സൈന്യം നടത്തിയ കൃത്യമായ വ്യോമാക്രമണത്തില്‍ ഇറാന്‍ സൈനിക നേതാക്കളും വിദഗ്ധരും ഉള്‍പ്പെടെ 70 ഹൂത്തി പോരാളികള്‍ കൊല്ലപ്പെട്ടതായി യെമന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി മുഅമ്മര്‍ അല്‍ഇര്‍യാനി വെള്ളിയാഴ്ച പറഞ്ഞു.
അന്താരാഷ്ട്ര സമുദ്ര പാതകള്‍ക്കും ആഗോള വ്യാപാരത്തിനും ഗുരുതരമായ ഭീഷണി ഉയര്‍ത്തി ചെങ്കടല്‍, ബാബ് അല്‍മന്ദബ്, ഏദന്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ വാണിജ്യ കപ്പലുകള്‍ക്കും എണ്ണ ടാങ്കറുകള്‍ക്കും നേരെ ആക്രമണം ആസൂത്രണം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന സ്ഥലത്താണ് അമേരിക്കയുടെ വ്യോമാക്രമണമുണ്ടായത്.
കഴിഞ്ഞ രണ്ടാഴ്ചയായി ഹൂത്തി കേന്ദ്രങ്ങളില്‍ നടന്ന കേന്ദ്രീകൃത വ്യോമാക്രമണ പരമ്പരയിലൂടെ വിവിധ ഗവര്‍ണറേറ്റുകളിലെ സൈനിക സ്ഥാപനങ്ങള്‍, കോട്ടകള്‍, ആയുധ ഡിപ്പോകള്‍, പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയെ അമേരിക്ക ലക്ഷ്യം വെച്ചു. ആക്രമണ ലക്ഷ്യങ്ങള്‍ കൃത്യതയോടെ നേടിയെടുക്കാന്‍ കഴിഞ്ഞു. ഇതിന്റെ ഫലമായി നിരവധി നേതാക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഹൂത്തികള്‍ കൊല്ലപ്പെട്ടതായും യെമന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി പറഞ്ഞു.
മാര്‍ച്ച് പകുതി മുതല്‍ ഹൂത്തി കേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണങ്ങള്‍ ആരംഭിച്ചു. ഗ്രൂപ്പിന്റെ സൈനിക ശേഷി തകര്‍ക്കാനും നാവിക ആക്രമണം നടത്തുന്ന ഹൂത്തി സൈനിക നേതാക്കളെ കൊല്ലാനും ആക്രമണങ്ങളിലൂടെ ലക്ഷ്യമിടുന്നതായി അമേരിക്ക പറയുന്നു. മാര്‍ച്ച് 15 മുതല്‍ താന്‍ ഉത്തരവിട്ട തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ യെമനില്‍ ഇറാന്‍ പിന്തുണയുള്ള ഹൂത്തി തീവ്രവാദികളെ പൂര്‍ണമായും ഇല്ലാതാക്കിയതായി ട്രംപ് പറഞ്ഞു. ഹൂത്തികളുടെ മിസൈലുകള്‍, ഡ്രോണുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍ എന്നിവ അടങ്ങിയ ആയുധശേഖരം നശിപ്പിക്കുന്നതില്‍ ഒരു പരിധിവരെ വിജയിച്ചതായി പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബൈഡന്‍ ഭരണകൂടം നടത്തിയ ആക്രമണങ്ങളേക്കാള്‍ ശക്തമാണ് ഇപ്പോഴത്തെ വ്യോമാക്രമണങ്ങള്‍. പ്രതിരോധ വകുപ്പ് പരസ്യമായി വിവരിച്ചതിനേക്കാള്‍ വളരെ വലിയ ആക്രമണമാണിത്. വഴക്കമാര്‍ന്ന പ്രതിരോധശേഷിക്ക് പേരുകേട്ട ഹൂത്തി പോരാളികള്‍ തങ്ങളുടെ ഒളിത്താവളങ്ങളും മറ്റു കേന്ദ്രങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ചെങ്കടലിലെ വാണിജ്യ കപ്പലുകള്‍ക്കു നേരെയുള്ള ഹൂത്തി മിലീഷ്യകളുടെ മിസൈല്‍ ആക്രമണങ്ങളെ തടസപ്പെടുത്താനുള്ള അമേരിക്കയുടെ കഴിവിനെ ഇത് തടയുന്നുണ്ടെന്നും അമേരിക്കന്‍ കോണ്‍ഗ്രസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
സ്പാനിഷ്-അമേരിക്കന്‍ യുദ്ധത്തില്‍ ക്യൂബയില്‍ തിയോഡോര്‍ റൂസ്വെല്‍റ്റ് നയിച്ച സേനയെ അനുസ്മരിച്ച് പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്സെത്ത് ‘ഓപ്പറേഷന്‍ റഫ് റൈഡര്‍’ എന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ ആക്രമണങ്ങള്‍ ആറ് മാസം നീണ്ടുനില്‍ക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹൂത്തികള്‍ക്കെതിരായ വ്യോമാക്രമണങ്ങള്‍ പ്രാരംഭ ഘട്ടത്തില്‍ ലക്ഷ്യം മറികടന്നു. മുതിര്‍ന്ന ഹൂത്തി നേതാക്കളുടെ ആശയവിനിമയ ശേഷി തടസപ്പെടുത്തി. ഫലപ്രദമല്ലാത്ത പ്രത്യാക്രമണങ്ങള്‍ക്ക് ഗ്രൂപ്പിന്റെ പ്രതികരണം പരിമിതപ്പെടുത്തി. ഞങ്ങള്‍ ശരിയായ പാതയിലാണ് – മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഹൂത്തി കമാന്‍ഡ്, കണ്‍ട്രോള്‍ ഘടനക്ക് കേടുപാടുകള്‍ സംഭവിച്ചതായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മുതിര്‍ന്ന ഹൂത്തി നേതാക്കളെ കൊലപ്പെടുത്തുന്നതില്‍ ആക്രമണങ്ങള്‍ ഫലപ്രദമായിരുന്നെന്ന് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കന്‍ സൈനിക നടപടിയിലൂടെ ചെങ്കടലിലെ കപ്പല്‍ ഗതാഗതം പുനരാരംഭിച്ചു. ഈ ആക്രമണങ്ങള്‍ മുതിര്‍ന്ന ഹൂത്തി നേതാക്കളെ കൊന്നൊടുക്കി. നൂതന പരമ്പരാഗത ആയുധങ്ങള്‍ നിര്‍മിക്കാന്‍ ഹൂത്തികള്‍ക്ക് ഉപയോഗിക്കാവുന്ന നിരവധി സ്ഥാപനങ്ങള്‍ ആക്രമണങ്ങളിലൂടെ നശിപ്പിച്ചതായും ഇന്റലിജന്‍സ് വിലയിരുത്തലുകള്‍ സ്ഥിരീകരിക്കുന്നതായി തുള്‍സി ഗബ്ബാര്‍ഡ് പറഞ്ഞു. ഒരു വര്‍ഷത്തിലേറെയായി ചെങ്കടലിലെ അന്താരാഷ്ട്ര കപ്പല്‍ പാതകളെ തടസപ്പെടുത്തിയ ആക്രമണങ്ങള്‍ നിര്‍ത്താന്‍ ഹൂത്തികളെ സമ്മര്‍ദത്തിലാക്കുക എന്നതാണ് വ്യോമ, നാവിക ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് ട്രംപ് ഭരണകൂട ഉദ്യോഗസ്ഥര്‍ പറയുന്നു.
ബൈഡന്‍ ഭരണകൂടം ഹൂത്തികള്‍ക്കെതിരെ ചെറിയ തോതില്‍ ആക്രമണം നടത്തിയിരുന്നു. പ്രധാനമായും അടിസ്ഥാന സൗകര്യങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യം വെച്ചായിരുന്നു അക്കാലത്ത് ആക്രമണം നടത്തിയിരുന്നത്. നിലവിലെ ആക്രമണങ്ങള്‍ മുതിര്‍ന്ന ഹൂത്തി ഉദ്യോഗസ്ഥരെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണെന്ന് ട്രംപ് ഭരണകൂട ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരം ആളുകളെ കൊലപ്പെടുത്തുന്നതിലൂടെ നമ്മള്‍ ലോകത്തിന് വലിയൊരു സേവനം ചെയ്യുകയാണെന്ന് എല്ലാവരും മനസിലാക്കണം, കാരണം ഈ സാഹചര്യം തുടരാനാവില്ല – അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹൂത്തികള്‍ക്കെതിരായ പുതിയ സൈനിക നടപടി ആരംഭിച്ച മാര്‍ച്ച് 17 ന് 30 ലേറെ ഹൂത്തി കേന്ദ്രങ്ങള്‍ ആക്രമിച്ചതായി പെന്റഗണ്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അന്നു മുതല്‍ ഇതുവരെ ഹൂത്തികള്‍ക്കെതിരെ നടത്തിയ ആക്രമണങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പെന്റഗണ്‍ നല്‍കിയിട്ടില്ല.