ബട്ട്ലർ (യുഎസ്എ)- വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ട അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആശുപത്രി വിട്ടു. ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്സാണ് ട്രംപിനെ വെടിവെച്ചത്. വെടിവെക്കാൻ ഉപയോഗിച്ച തോക്കും കണ്ടെടുത്തു. അതേസമയം, ട്രംപിന് നേരെയുള്ള ആക്രമണം വധശ്രമമായി കണക്കാക്കി നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് അമേരിക്ക അറിയിച്ചു. വെടിവെപ്പിൽ ട്രംപിന്റെ അനുകൂലിയായ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
പെൻസിൽവാനിയയിൽ വെടിവയ്പുണ്ടായ സ്ഥലത്തുനിന്ന് അക്രമിയുടേതെന്നു കരുതുന്ന എആർ–15 സെമി ഓട്ടമാറ്റിക് റൈഫിൾ കണ്ടെടുത്തതായി സുരക്ഷാ സംഘാംഗങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. അതേസമയം വെടിവയ്പിൽ പരുക്കേറ്റ ഡോണൾഡ് ട്രംപ് ആശുപത്രി വിട്ടു. ട്രംപ് പിറ്റ്സ്ബർഗിൽനിന്ന് പുറപ്പെട്ടതായി പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപിരോ പറഞ്ഞു. അടുത്തയാഴ്ച നടക്കുന്ന റിപ്പബ്ലിക്കൻ നാഷനൽ കൺവെൻഷനിൽ ട്രംപ് പങ്കെടുക്കുന്നതിൽ മാറ്റമില്ലെന്ന് അദ്ദേഹത്തിന്റെ ക്യാംപെയ്ൻ ടീം അറിയിച്ചു.
വെള്ള ഷർട്ടും കടും ബ്ലേസറും കടും ചുവപ്പ് നിറത്തിലുള്ള MAGA തൊപ്പിയും ധരിച്ച ട്രംപ് തന്റെ പ്രസംഗത്തിൽ അനധികൃത കുടിയേറ്റത്തിനെതിരെ ആഞ്ഞടിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. വെടിയുണ്ട ശരീരത്തെ കീറി കടന്നുപോയതായും ട്രംപ് പറഞ്ഞു. ആറു തവണയാണ് ആക്രമി വെടിവെച്ചത്. സുരക്ഷാ ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് ട്രംപിനെ പുറത്ത് എത്തിച്ചത്.
രാത്രി 8:42 ന് ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ സൈറ്റിൽ വെടിവെപ്പിന് സംബന്ധിച്ച് ട്രംപ് പോസ്റ്റ് ചെയ്തു.
“എൻ്റെ വലതു ചെവിയുടെ മുകൾ ഭാഗത്ത് തുളച്ചുകയറുന്ന ഒരു ബുള്ളറ്റ് കൊണ്ടാണ് എനിക്ക് വെടിയേറ്റത്,” ട്രംപ് എഴുതി.
“എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി, അതിൽ ഒരു വിസിൽ ശബ്ദവും ഷോട്ടുകളും ഞാൻ കേട്ടു, ഉടൻ തന്നെ ബുള്ളറ്റ് ചർമ്മത്തിലൂടെ കീറുന്നതായി തോന്നിയെന്നും ട്രംപ് പറഞ്ഞു.
“ഇത്തരത്തിലുള്ള അക്രമത്തിന് അമേരിക്കയിൽ സ്ഥാനമില്ല. ഇത് അസുഖമാണ്. ഇത് അസുഖമാണ്, എന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം.
പെൻസിൽവാനിയയിലെ ബെഥേൽ പാർക്കിൽ നിന്നുള്ള 20 കാരനായ തോമസ് മാത്യു ക്രൂക്‌സ് ആണ് വെടിവെച്ചത് എന്ന് എഫ്ബിഐ തിരിച്ചറിഞ്ഞതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇയാളും കൊല്ലപ്പെട്ടു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു.