വാഷിങ്ടൺ: യു.എസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടിയുടെ പുതിയ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ കമല ഹാരിസിനെതിരെ അശ്ലീല പരാമർശവുമായി വിവാദങ്ങളുടെ തോഴൻ കൂടിയായ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. രാഷ്ട്രീയത്തിൽ ഉയർച്ചയ്ക്കായി സാൻഫ്രാൻസിസ്‌കോ മുൻ മേയർ വില്ലി ബ്രൗണിന്റെ ലൈംഗികാവശ്യങ്ങൾക്ക് കമല ഹാരിസ് വഴങ്ങിയെന്നാണ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ആരോപിച്ചത്.
ട്രൂത്ത് സോഷ്യലിലെ യൂസറിന്റെ പോസ്റ്റ് പങ്കുവെച്ചാണ് ട്രംപിന്റെ ആരോപണം. കമല ഹാരിസിന്റെയും അമേരിക്കൻ മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റേയും ചിത്രങ്ങൾ പങ്കുവെച്ചാണ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് വന്നത്. ഹിലരി ക്ലിന്റണിന്റെ ഭർത്താവ് ബിൽ ക്ലിന്റണും മോണിക്ക ലെവൻസ്‌കിയും തമ്മിലുള്ള വിവാദവും കമല ഹാരിസും വില്ലി ബ്രൗണും തമ്മിലുള്ള ബന്ധവും സൂചിപ്പിക്കുന്നതിനാണ് ഇരുവരുടേയും ചിത്രങ്ങൾ പങ്കുവെച്ചതെന്നാണ് വ്യാഖ്യാനങ്ങൾ. 1990-കളിൽ കാലിഫോർണിയ സ്റ്റേറ്റിന്റെ സ്പീക്കറായിരിക്കെ, സാൻഫ്രാൻസിസ്‌കോ മേയറും കമല ഹാരിസും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നും ഇത് കമലയുടെ രാഷ്ട്രീയ ഉയർച്ചക്ക് കാരണമായെന്നുമാണ് ട്രംപ് ഉയർത്തുന്നത്.
ആരോപണങ്ങളെ കമലയും അവരുടെ പാർട്ടിയും അടിസ്ഥാനരഹിതമെന്ന് പറഞ്ഞ് തള്ളിയെങ്കിലും ട്രംപിന്റെ പരാമർശങ്ങൾ വലിയ വിവാദമായിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികൾക്കെതിരേ നിന്ദ്യവും അധിക്ഷേപകരവുമായ പരാമർശമാണ് ട്രംപിൽനിന്നുണ്ടാകുന്നതെന്ന വ്യാപക വിമർശമാണ് ഉയരുന്നത്. ആഗസ്ത് 18നും അപകീർത്തികരമായ പരാമർശം ട്രംപിൽനിന്ന് ഉണ്ടായിരുന്നു. ട്രംപിന്റെ വാചാടോപം സ്ത്രീകൾ ഉൾപ്പെടെ പ്രധാന ഗ്രൂപ്പുകളെയും വോട്ടർമാരെയുമെല്ലാം അദ്ദേഹത്തിനും പാർട്ടിക്കും നഷ്ടമാക്കുമെന്നാണ് വിലയിരുത്തൽ.
ഈ വരുന്ന നവംബറിലാണ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. കഴിഞ്ഞതവണ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മുഖം കുത്തി വീണ ട്രംപ് തിരിച്ചുവരാൻ നടത്തുന്ന ശ്രമങ്ങൾ അതിലേറെ പരിഹാസ്യമാകുന്നതായാണ് റിപോർട്ടുകൾ നൽകുന്ന സൂചനകൾ.