മുംബൈ- മഹാരാഷ്ട്രയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീ പിടിച്ചുവെന്ന അഭ്യൂഹത്തെ തുടർന്ന് പുറത്തേക്കിറങ്ങിയ പന്ത്രണ്ടു യാത്രക്കാർ മറ്റൊരു ട്രെയിനിടിച്ച് മരിച്ചു. മരണസംഖ്യ ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നും എത്രപേരാണ് അപകടത്തിൽ പെട്ടത് എന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. മുംബൈയിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള പച്ചോറയ്ക്ക് സമീപം മഹേജി- പർദാഡെ സ്റ്റേഷനുകൾക്കിടയിലാണ് അപകടം നടന്നത്, ലഖ്‌നൗ-മുംബൈ പുഷ്പക് എക്‌സ്പ്രസ് എന്ന ഡെയ്‌ലി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിന് തീ പിടിച്ചുവെന്ന അഭ്യൂഹത്തെ തുടർന്ന് യാത്രക്കാരിൽ ആരോ ചങ്ങല വലിച്ചു ട്രെയിൻ നിർത്തിയിരുന്നു. തുടർന്ന് പുറത്തിറങ്ങിയ യാത്രക്കാർ അടുത്തുള്ള പാളത്തിൽ നിൽക്കവെ ബെംഗളൂരുവിൽ നിന്ന് ദൽഹിയിലേക്ക് പോകുകയായിരുന്ന കർണാടക എക്‌സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു.
“പുഷ്പക് എക്സ്പ്രസിന്റെ ഒരു കോച്ചിനുള്ളിൽ ‘ഹോട്ട് ആക്സിൽ’ (‘ബ്രേക്ക്-ബൈൻഡിംഗ്’ -ജാമിംഗ്) കാരണം തീപ്പൊരി ഉണ്ടായതാണ് സംഭവങ്ങളുടെ തുടക്കം. തീപൊരി കണ്ടതോടെ ചില യാത്രക്കാർ പരിഭ്രാന്തരായി. അവർ ചെയിൻ വലിച്ചു ട്രെയിൻ നിർത്തി. ചിലർ ട്രാക്കിലേക്ക് ചാടുകയും ചെയ്തു. ഈ സമയത്ത് ഇതുവഴി കടന്നുപോകുകയായിരുന്ന കർണാടക എക്സ്പ്രസ് യാത്രക്കാരുടെ ദേഹത്ത് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. ട്രാക്കുകളിൽ മൃതദേഹങ്ങൾ കിടക്കുന്നതും ചിലർ രക്തത്തിൽ കുളിച്ചുകിടക്കുന്നതുമായ വേദനാജനകമായ ചിത്രങ്ങൾ ദേശീയ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ദുരന്തത്തിൽ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റ യാത്രക്കാരുടെ മുഴുവൻ ചികിത്സാ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.