ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തു പേർക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം. അതേസമയം, പരിക്കേറ്റവരുടെ എണ്ണം കൂടാൻ ഇടയുണ്ടെന്നാണ് വിവരം. കൂട്ടിയിടിയിൽ എക്‌സ്‌പ്രസ് ട്രെയിനിൻ്റെ 12 കോച്ചുകൾ പാളം തെറ്റി. ഇതിൽ നാലു കോച്ചുകൾ എ.സിയാണ്.
പരിക്കേറ്റ 10 യാത്രക്കാരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും എക്‌സ്‌പ്രസ് ട്രെയിനിൻ്റെ പാഴ്‌സൽ വാൻ തീപിടിച്ചതായും വൃത്തങ്ങൾ അറിയിച്ചു.
മൈസൂർ-ദർഭംഗ ബാഗ്മതി എക്‌സ്‌പ്രസ് വെള്ളിയാഴ്ച രാത്രി 8.30 ഓടെയാണ് ചെന്നൈക്കടുത്ത് കവരൈപ്പേട്ടയിൽ നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചത്. കവരൈപ്പേട്ട സ്‌റ്റേഷനിൽ പ്രവേശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ലഭിച്ച സിഗ്നൽ പ്രകാരം മെയിൻ ലൈനിലേക്ക് പോകുന്നതിന് പകരം 75 കിലോമീറ്റർ വേഗതയിൽ ലൂപ്പ് ലൈനിലേക്ക് പ്രവേശിച്ച ട്രെയിൻ അവിടെ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിൽ ഇടിക്കുകയായിരുന്നു.
മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരും ആംബുലൻസുകളും മെഡിക്കൽ, റെസ്ക്യൂ ടീമുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.
95% യാത്രക്കാരെയും അപകടത്തിൽപ്പെട്ട കോച്ചുകളിൽ നിന്ന് രക്ഷപ്പെടുത്തിയെന്നും മരണമോ ഗുരുതരമായ പരിക്കുകളോ ഉണ്ടായിട്ടില്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു. ട്രെയിനിലെ ശേഷിക്കുന്ന യാത്രക്കാർക്ക് അവരുടെ ലക്ഷ്യസ്ഥാനത്ത് എത്താനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നതായും ട്രെയിനിലെ ജീവനക്കാരും ഗാർഡും സുരക്ഷിതരാണെന്നും റെയിൽവേ അറിയിച്ചു
ഹെൽപ്പ് ലൈൻ നമ്പറുകൾ:
ചെന്നൈ ഡിവിഷൻ
044 25354151
044 24354995
സമസ്തിപൂർ
06274-81029188
ദർഭംഗ
06272-8210335395
ദീൻദയാൽ ഉപാധ്യായ ജംഗ്ഷൻ
7525039558