ജിദ്ദ – നിയമ വിരുദ്ധമായി ഈജിപ്ഷ്യന്‍ തീര്‍ഥാടകരെ സൗദിയിലെത്തിച്ച് കൈയൊഴിഞ്ഞ 16 ടൂറിസം കമ്പനികളുടെ ലൈസന്‍സുകള്‍ ഉടനടി പിന്‍വലിക്കാന്‍ ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മുസ്തഫ മദ്ബൂലി ഉത്തരവിട്ടു. 16 ടൂറിസം കമ്പനികള്‍ നിയമ വിരുദ്ധമായി ഹജ് തീര്‍ഥാടകരെ സൗദിയിലേക്ക് അയച്ചതായി പ്രാഥമികാന്വേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ തീര്‍ഥാടകര്‍ക്ക് ഒരുവിധ സേവനങ്ങളും നല്‍കിയിരുന്നില്ല. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടാണ് കമ്പനികളുടെ ലൈസന്‍സുകള്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി ഉത്തവിട്ടത്.
കമ്പനി അധികൃതര്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനും പ്രധാനമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. കമ്പനികള്‍ക്ക് ഭീമമായ തുക പിഴ ചുമത്താനും തീരുമാനിച്ചു. കമ്പനികളില്‍ നിന്ന് ഈടാക്കുന്ന പിഴ തുക ഇവര്‍ കാരണം മരണപ്പെട്ട ഹാജിമാരുടെ കുടുംബങ്ങള്‍ക്ക് കൈമാറും. ഈജിപ്ഷ്യന്‍ ഹജ് മിഷനു കീഴില്‍ ഹജിന് പോയ 31 തീര്‍ഥാടകര്‍ ഇത്തവണ മാറാരോഗങ്ങള്‍ കാരണം മരണപ്പെട്ടതായും പ്രധാനമന്ത്രി പറഞ്ഞു.
ഹജിനിടെ മരണപ്പെട്ട ഈജിപ്ഷ്യന്‍ തീര്‍ഥാടകരില്‍ ഭൂരിഭാഗവും നിയമ വിരുദ്ധമായി ഹജ് നിര്‍വഹിക്കാന്‍ ശ്രമിച്ചവരാണെന്ന് ഈജിപ്ഷ്യന്‍ വിദേശ മന്ത്രി സാമിഹ് ശുക്‌രി പറഞ്ഞു. ഇവര്‍ക്ക് ടൂറിസം കമ്പനികള്‍ ഒരുവിധ സേവനങ്ങളും നല്‍കിയിരുന്നില്ലെന്നും സാമിഹ് ശുക്‌രി പറഞ്ഞു. ചില ടൂറിസം കമ്പനികള്‍ പേഴ്‌സണല്‍ വിസിറ്റ് വിസയില്‍ ഹാജിമാരെ സൗദിയിലെത്തിക്കുകയായിരുന്നെന്ന് അന്വേഷണങ്ങളില്‍ വ്യക്തമായിട്ടുണ്ട്.
ഹജ് കാലത്ത് വിസിറ്റ് വിസക്കാര്‍ മക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. മരുഭൂപാതകളിലൂടെ കാല്‍നടയായി താണ്ടി പ്രവേശന വിലക്ക് മറികടന്നാണ് ഹജ് നിര്‍വഹിക്കാന്‍ തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിയത്. പുണ്യസ്ഥലങ്ങളില്‍ ഇവര്‍ക്ക് താമസ സൗകര്യങ്ങളുമുണ്ടായിരുന്നില്ല. ഇതുമൂലം കടുത്ത ചൂട് കാരണമായ ശാരീരികാസ്വസ്ഥതകളും ആരോഗ്യ പ്രശ്‌നങ്ങളും ഇവര്‍ക്ക് നേരിടുകയായിരുന്നെന്നും ക്രൈസിസ് മാനേജ്‌മെന്റ് സെല്‍ ടെക്‌നിക്കല്‍ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ അന്വേഷണ റിപ്പോര്‍ട്ട് പറഞ്ഞു.