ദമാം – കിഴക്കന്‍ പ്രവിശ്യയിലെ പച്ചക്കറി, പഴം മാര്‍ക്കറ്റുകളില്‍ തക്കാളി, സവാള വില കുതിച്ചുയരുന്നു. താപനില ഗണ്യമായി ഉയര്‍ന്നതാണ് തക്കാളി, സവാള വിലയെ ബാധിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു. വേനല്‍ക്കാല പഴവര്‍ഗങ്ങളുടെ വില ഭദ്രമാണെന്നും പഴവര്‍ഗങ്ങളുടെ ലഭ്യത വേണ്ടുവോളമാണെന്നും പച്ചക്കറി വ്യാപാരി മുഹമ്മദ് അമീന്‍ അല്‍സാദ പറഞ്ഞു. ഇന്ത്യന്‍ സവാള, യെമനി സവാള, ലോക്കല്‍ തക്കാളി എന്നിവയുടെ വിലയില്‍ മാത്രമാണ് മാറ്റമുള്ളത്.
20 കിലോ തൂക്കമുള്ള ഒരു ചാക്ക് ഇന്ത്യന്‍ സവാളയുടെ വില 140 റിയാല്‍ മുതല്‍ 150 റിയാല്‍ വരെയായി ഉയര്‍ന്നിട്ടുണ്ട്. 10 കിലോ തൂക്കമുള്ള ഒരു കീസ് യെമനി സവാളയുടെ വില 55 റിയാലായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സൗദി സവാളയുടെ വിലയില്‍ കാര്യമായ മാറ്റമില്ല. ആറു കിലോ തൂക്കമുള്ള ഒരു കീസ് സൗദി സവാളയുടെ വില 20 റിയാലാണ്. ലോക്കല്‍ തക്കാളി വില രണ്ടാഴ്ചക്കിടെ ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ട്. 30 തക്കാളിയുള്ള ചെറിയ ബോക്‌സിന്റെ വില 40 റിയാലായാണ് വര്‍ധിച്ചത്.
നിലവില്‍ തണ്ണിമത്തനും ശമ്മാമിനും ആണ് നിലവില്‍ ഏറ്റവുമധികം ഡിമാന്റുള്ളത്. മുന്തിരി, സ്‌ട്രോബറി, മാങ്ങ, ആപ്പിള്‍, അത്തിപ്പഴം, ആപ്രിക്കോട്ട്, ചെറീസ്, അവകാഡൊ, ഓറഞ്ച്, ഉറുമാന്‍, കീവി അടക്കമുള്ള വേനല്‍ക്കാല പഴങ്ങളുടെ വില ഭദ്രമാണെന്നും മുഹമ്മദ് അമീന്‍ അല്‍സാദ പറഞ്ഞു. ഭൂരിഭാഗം പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും വിലയില്‍ ഉപയോക്താക്കള്‍ സംതൃപ്തി പ്രകടിപ്പിച്ചു. എന്നാല്‍ തക്കാളി വില വലിയ തോതില്‍ ഉയര്‍ന്നതില്‍ അവര്‍ നിരാശ പ്രകടിപ്പിച്ചു. വില നിയന്ത്രിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ വിപണിയില്‍ ഇടപെടണമെന്ന് ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു.