നിലമ്പൂർ- അൻവറിനെതിരെ അതിരൂക്ഷ പരാമർശമവുമായി സി.പി.എം നേതാവും മുൻമന്ത്രിയുമായ ടി.കെ ഹംസ. നിലമ്പൂരിൽ നടത്തിയ വിശദീകരണ സമ്മേളനത്തിലാണ് അൻവറിനെതിരെ ഹംസ രംഗത്തെത്തിയത്. അൻവറിനെ സഹകരിപ്പിച്ചതുമായി ബന്ധപ്പെട്ട് പാർട്ടിക്ക് അബദ്ധം സംഭവിച്ചുവെന്ന് വ്യക്തമാക്കിയ അൻവർ കൊലക്കേസ് പ്രതിയും തട്ടിപ്പുകാരനുമാണെന്നും പറഞ്ഞു.
മുക്കത്ത് സ്വന്തമായി ക്വാറി ഉണ്ട് എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഒരാളിൽനിന്ന് പതിനഞ്ച് ലക്ഷം രൂപ വാങ്ങി. ഒരു വക്കീൽ എന്ന നിലക്ക് എന്നെ പണം കൊടുത്തയാൾ സമീപിച്ചിരുന്നു. ഞാൻ വേറെ വക്കീലിനെ ഏൽപ്പിച്ചുകൊടുത്തു. ആ കേസ് ഇപ്പോഴും മഞ്ചേരി കോടതിയിലുണ്ട്. ഇങ്ങിനെയുള്ള ആളാണ് നമുക്കെതിരെ അഴിമതി ആരോപിക്കുന്നത്. നിസ്കരിക്കാൻ സാധിച്ചില്ല എന്നാണ് അൻവർ പറയുന്നത്.
അൻവറിനെ ലീഗും കോൺഗ്രസും അടുപ്പിക്കുന്നില്ല. അപ്പോഴാണ് മദിരാശിയിലേക്ക് പൊങ്ങിയത്. അവിടെ എത്തിയപ്പോൾ ഡി.എം.കെയും ഓടിപ്പിച്ചു. അപ്പോഴാണ് സ്വന്തം പാർട്ടി രൂപീകരിച്ച് അതിന്റെ പേര് ഡി.എം.കെ എന്നാക്കി മാറ്റി. അൻവറേ നീ ആരോടാണ് കളിക്കുന്നത്. കേരളത്തിലെ ജനങ്ങൾ വിവരമില്ലാത്തവരാണ് എന്നാണോ നിങ്ങൾ വിചാരിച്ചിരിക്കുന്നത്. അൻവറിനെ എവിടെയെങ്കിലും ആരെങ്കിലും കയറ്റുമോ. രണ്ടും കെട്ട നമ്പൂതിരി നടുമുറ്റത്ത് കിടന്ന് ചത്തു എന്ന അവസ്ഥയാണ് അൻവറിനുള്ളത്. വെടക്ക് സാധനം കോൺഗ്രസിനാണെങ്കിലും പറ്റില്ലല്ലോ എന്നും ഹംസ ചോദിച്ചു.
കൊലക്കേസിലെ പ്രതിയാണ് അൻവർ. ആ കേസും ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. എന്നെ ചവിട്ടി പുറത്താക്കിയാലും പോകില്ല. പാർട്ടിയുടെ കോലായിൽ കിടന്ന് മരിക്കുമെന്നും ഹംസ പറഞ്ഞു. കള്ളത്തരം ചെയ്യുന്നവരെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം എന്ന് ഞങ്ങൾക്കും ബോധ്യമായി. ഇത്തരത്തിലുള്ള ആളുകൾ രാഷ്ട്രീയത്തിന് അപമാനമാണെന്നും ഹംസ പറഞ്ഞു.
അറുപത്തിയേഴ് ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് കഴിഞ്ഞ ദിവസം മുനീർ ഫൈസി എന്നയാളുടെ ശരീരത്തിൽനിന്ന് പിടിച്ചെടുത്തത്. ഒരുകിലോയിലേറെ വരുന്ന സ്വർണ്ണമാണിത്. ജില്ലാ സെക്രട്ടറി നിസ്കരിക്കാൻ സമ്മതിച്ചില്ല എന്നാണ് അൻവർ പറയുന്നത്. 42 കൊല്ലമായി ഞാൻ സി.പി.എമ്മിലുണ്ട്. 1982-ലാണ് ഞാൻ സി.പി.എം അംഗമായത്. 1987-ൽ മന്ത്രിയായി. 1988-ലാണ് ഹജ് നിർവഹിച്ചത്. പിന്നീട് പലപ്പോഴായി ഒമ്പത് തവണ ഉംറ നിർവഹിച്ചു. ഒരിക്കലും പാർട്ടി വിലക്കിയിട്ടില്ല. ആളുകളെ അപമാനിക്കുകയാണ് അൻവർ ചെയ്തത്. 25 കൊല്ലം കോൺഗ്രസിന്റെ പ്രവർത്തകനായ ശേഷമാണ് ഞാൻ സി.പി.എമ്മിലെത്തിയതെന്നും ഹംസ വ്യക്തമാക്കി.