ദോഹ– ഗള്‍ഫിലെ സ്വര്‍ണ്ണ വിപണിയില്‍ കണ്ണുനട്ട് പുതിയ നീക്കവുമായി ടാറ്റ. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ദമാസിന്റെ മുഖ്യഓഹരികള്‍ ഏറ്റെടുത്താണ് ടാറ്റാ ഗ്രൂപ്പ് തങ്ങളുടെ സാന്നിധ്യം വിശാലമാക്കുന്നത്. ഖത്തര്‍ ആസ്ഥാനമായ മന്നായ് കോര്‍പ്പറേഷന് കീഴിലുള്ള ദമാസ് എല്‍എല്‍സിയുടെ 67 ശതമാനം ഓഹരികള്‍ ടാറ്റാ ഗ്രൂപ്പിന് കീഴിലെ ടൈറ്റന്‍ ഹോള്‍ഡിംഗ്‌സ് ഇന്‍ര്‍നാഷണല്‍ ആണ് സ്വന്തമാക്കിയത്. ഇക്കാര്യം മന്നായ് കോര്‍പ്പറേഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 2400 കോടി രൂപയുടെ ഇടപാടിലാണ് ഇരു കമ്പനികളിലും ധാരണാപത്രം ഒപ്പുവെച്ചത്. 2029 ഡിസംബര്‍ 31 ന് ശേഷം ഇരുകൂട്ടര്‍ക്കും സമ്മതമാണെങ്കില്‍ മന്നായ് ഗ്രൂപ്പിന്റെ ബാക്കി 33% ഓഹരികള്‍ സ്വന്തമാക്കാനുള്ള സാഹചര്യം കൂടി നിബന്ധനകള്‍ക്ക് വിധേയമായി കരാറില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
പുതിയ കരാര്‍ നിലവില്‍ വരുന്നതോടെ യുഎഇ, ഖത്തര്‍, സഊദിഅറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ ആറു ഗള്‍ഫ് രാജ്യങ്ങളില്‍ ടൈറ്റന് വിപുലമായ സാന്നിധ്യമുറപ്പിക്കാന്‍ കഴിയുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. 6 ഗള്‍ഫ് രാജ്യങ്ങളിലായി 146 ഷോറുമുകളാണ് ദമാസിനുള്ളത്.
ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയിലും ടൈറ്റന്റെ ബ്രാന്‍ഡായ തനിഷ്‌ക് ജ്വല്ലറി വിജയകരമായി മുന്നോട്ടുപോവുന്നുണ്ടെന്നും അടുത്ത ഘട്ടമെന്ന നിലയിലാണ് ദമാസ് ഏറ്റെടുത്ത് പ്രവര്‍ത്തനം വിപുലീകരിക്കുന്നതെന്നും ടൈറ്റന്‍ മാനേജിംഗ് ഡയറക്ടര്‍ വെങ്കിട്ടരാമന്‍ പറഞ്ഞു. പ്രവാസികള്‍ക്കിടയില്‍ ഇതിനകം ശ്രദ്ധേയമായ ബ്രാന്‍ഡായ ദമാസ് പുതിയ ഉത്പന്നങ്ങള്‍ നല്‍കുന്നതിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാത്ത ബ്രാന്‍ഡാണെന്നും അത് ഏറ്റെടുക്കുന്നതിലൂടെ ടൈറ്റന്റെ ഉയര്‍ച്ചയിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദമാസിനെ ടൈറ്റന്‍ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. മന്നായ് കോര്‍പ്പറേഷനുമായി ചേര്‍ന്ന് ബ്രാന്‍ഡിന്റെ സുസ്ഥിര വളര്‍ച്ചാ യാത്രയാണ് ഇനിയുണ്ടാവുകയെന്നും വെങ്കിട്ടരാമന്‍ വിശദീകരിച്ചു.
ഖത്തര്‍ ആസ്ഥാനമായുള്ള മന്നായ് കോര്‍പ്പറേഷന്‍ എന്ന പബ്ലിക് ലിസ്റ്റഡ് കമ്പനി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും വ്യാപാര, ഐടി സേവനങ്ങളിലെ ബിസിനസ് ടു ബിസിനസിലാണ് ശ്രദ്ധയൂന്നുന്നതെന്നും ടൈറ്റാനുമായി ധാരണയിലെത്തിയതില്‍ സന്തോഷമുണ്ടെന്നും മന്നായ് കോര്‍പ്പറേഷന്റെ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അലേഖ് ഗ്രേവാള്‍ പറഞ്ഞു. ദുബൈ് ആസ്ഥാനമായ ദമാസ് 2012ലാണ് മന്നായിയുടെ അനുബന്ധ സ്ഥാപനമായി മാറിയത്. ദമാസിന്റെ അടുത്ത ഘട്ട വിപുലീകരണമെന്ന നിലയിലാണ് ഓഹരി കൈമാറിയത്. മനോഹരമായ ആഭരണങ്ങളോടുള്ള താത്പര്യവും ഏറ്റവും പുതിയ രൂപകല്‍പ്പനയും മികച്ച കസ്റ്റമര്‍ സേവനവുമെല്ലാം ടൈറ്റനും ദമാസും ഒരേ മൂല്യങ്ങള്‍ പങ്കിടുന്ന മൂല്യങ്ങളാണെന്നും ടൈറ്റന്‍ കൂടി വരുന്നതോടെ ഗള്‍ഫില്‍ പുതിയ സാധ്യതകളുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
1907 ല്‍ യുഎഇയിലെ ദുബൈ ആസ്ഥാനമായി സ്ഥാപിതമായ ദമാസ് ജ്വല്ലറി മധ്യപൂര്‍വ്വേഷ്യയിലെ തന്നെ പ്രമുഖ ജ്വല്ലറി റീട്ടെയിലറാണ്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള സമ്പന്നമായ കരകൗശല വൈദഗ്ധ്യവും നൂതനത്വവും കൊണ്ട് വേറിട്ട് അടയാളപ്പെടുത്തപ്പെട്ട ദമാസ് ഇന്ന് അന്താരാഷ്ട്ര ശേഖരങ്ങള്‍ക്കൊപ്പം ഇന്‍ഹൗസ് കളക്ഷനുകളിലും പ്രസിദ്ധമാണ്. പ്രാദേശിക പൈതൃകത്തിലൂന്നിയുള്ളതും ഏറെ സൂക്ഷ്മമായതും, അതേസമയം അറബി വാസ്തുവിദ്യ, അറബി അക്ഷരമാല എന്നിവയെ സകാലികമായി സമന്വയിപ്പിച്ചുകൊണ്ട് ഉള്ള രൂപകല്‍പ്പനയും ഗുണനിലവാരവും കൊണ്ട് തങ്ങള്‍ വ്യത്യസ്തമാണെന്നും ദമാസ് അധികൃതര്‍ അവകാശപ്പെട്ടു.