ദുബായ് – ദുബായില്‍ സര്‍ക്കാര്‍ വകുപ്പ് ജീവനക്കാര്‍ക്ക് വേനല്‍ക്കാലത്ത് മൂന്നു ദിവസം വാരാന്ത അവധി നല്‍കുകയും പ്രതിദിന തൊഴില്‍ സമയം ഏഴു മണിക്കൂറായി കുറക്കുകയും ചെയ്യുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചതായി ദുബായ് ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. പ്രതിദിന തൊഴില്‍ സമയം ഏഴു മണിക്കൂറായി കുറക്കാനും വെള്ളിയാഴ്ച ജോലി താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുമാണ് ‘അവര്‍ സമ്മര്‍ ഈസ് ഫ്‌ളെക്‌സിബിള്‍’ എന്ന ശീര്‍ഷകത്തില്‍ ആരംഭിച്ച പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സര്‍ക്കാര്‍ വകുപ്പുകളുടെ ആവശ്യകതകളെ പിന്തുണക്കാനും ജീവനക്കാരുടെ പ്രകടനവും ജീവിത നിലവാരവും ഉയര്‍ത്താനും തൊഴില്‍ അന്തരീക്ഷത്തില്‍ വഴക്കം നല്‍കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതില്‍ 15 സര്‍ക്കാര്‍ വകുപ്പുകള്‍ പങ്കാളിത്തം വഹിക്കുന്നു. ജോലി സമയം ഏഴു മണിക്കൂറായി കുറച്ചും വെള്ളിയാഴ്ചകളില്‍ താല്‍ക്കാലികമായി ജോലി നിര്‍ത്തിയും തൊഴില്‍ അന്തരീക്ഷത്തിന്റെ വഴക്കം വര്‍ധിപ്പിക്കുകയാണ് പുതിയ സംരംഭം ചെയ്യുന്നത്. ശനിയും ഞായറും യു.എ.ഇയില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് വാരാന്ത്യ അവധിയാണ്.
ഈ വര്‍ഷം ഓഗസ്റ്റ് 12 മുതല്‍ സെപ്റ്റംബര്‍ 30 വരെ പദ്ധതി നടപ്പാക്കും. വേനല്‍ക്കാലത്ത് സാമൂഹിക ജീവിതം മെച്ചപ്പെടുത്തിയും തൊഴില്‍ ക്ഷേമം വര്‍ധിപ്പിച്ചും ജീവനക്കാരുടെ സന്തോഷവും ക്ഷേമവും വര്‍ധിപ്പിക്കുകയും ജോലിയും സാമൂഹിക ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണിത്.
പുതിയ പദ്ധതി സമാരംഭം, അന്താരാഷ്ട്ര തലത്തിലെ മികച്ച സമ്പ്രദായങ്ങള്‍ക്ക് അനുസൃതമായി ദുബായ് സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിയും വ്യക്തിജീവിതവും തമ്മില്‍ സന്തുലിതാവസ്ഥ കൈവരിക്കാന്‍ സഹായിക്കുന്ന വഴക്കമാര്‍ന്ന തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ദുബായ് ഗവണ്‍മെന്റ് മാനവശേഷി വകുപ്പിന്റെ പ്രതിബദ്ധത പ്രകടിപ്പിക്കുന്നതായി ദുബായ് ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ഫലാസി പറഞ്ഞു. സ്മാര്‍ട്ട് സൊല്യൂഷനുകള്‍ വികസിപ്പിച്ച് ദുബായ് എമിറേറ്റിന്റെ മത്സരക്ഷമതയെ പിന്തുണക്കുന്നതിലൂടെ മാനവശേഷി മേഖലയെ ശാക്തീകരിക്കാനുള്ള ഞങ്ങളുടെ ദൗത്യവുമായി ഇത് പൊരുത്തപ്പെടുന്നു.
പദ്ധതി കാലയളവില്‍ ദുബായ് ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുകയും ജീവനക്കാരിലും അവരുടെ ഉല്‍പാദനക്ഷമതയിലും പദ്ധതി ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് സര്‍ക്കാര്‍ വകുപ്പുകളുമായി ആശയവിനിമയം നടത്തുകയും പോരായ്മകളും ഫീഡ്ബാക്കും നിരീക്ഷിക്കുകയും ചെയ്യും. ഇതിന്റെ അടിസ്ഥാനത്തില്‍ അന്തിമ റിപ്പോര്‍ട്ട് തയാറാക്കും. പദ്ധതിയുടെ ഫലങ്ങളും സംരംഭത്തെ കുറിച്ച ഡിപ്പാര്‍ട്ട്‌മെന്റിന്റെ അന്തിമ ശുപാര്‍ശകളും വരും വര്‍ഷങ്ങളില്‍ വേനല്‍ക്കാലത്ത് ദുബായില്‍ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഇത് നടപ്പാക്കാനുള്ള സാധ്യതയും അന്തിമ റിപ്പോര്‍ട്ടില്‍ വിലയിരുത്തികയും വിശദീകരിക്കുകയും ചെയ്യുമെന്നും അബ്ദുല്ല അല്‍ഫലാസി പറഞ്ഞു.