തൊടുപുഴ– വിശുദ്ധവാരാഘോഷത്തോട് അനുബന്ധിച്ച് ഇടുക്കി നാരങ്ങാനത്ത് തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളിയുടെ നേത്രത്വത്തില്‍ വനഭൂമിയില്‍ കുരിശു സ്ഥാപിച്ച സംഭവത്തില്‍ പള്ളി വികാരി ജയിംസ് ഐക്കരമറ്റമുള്‍പ്പെടെ 18 പേര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ച കാളിയാര്‍ റേഞ്ച് ഓഫിസര്‍ ടി.കെ മനോജിന്റെ നേത്രത്വത്തില്‍ പിഴുതു മാറ്റിയ കുരിശ് നിലവിൽ വനം വകുപ്പിന്റെ കസ്റ്റഡിയിലാണ്. തെളിവ് ശേഖരണത്തിന്റെ ഭാഗമായി കുരിശ് നിര്‍മ്മിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമവും വനംവകുപ്പ് നടത്തുന്നുണ്ട്.
കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍ വിന്‍സെന്റ് നെടുമങ്ങാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കുരിശ് പൊളിച്ചു നീക്കിയ നാരങ്ങാനത്തേക്ക് സെന്റ് തോമസ് പള്ളിയുടെ നേത്രത്വത്തില്‍ ഇന്ന് പരിഹാര പ്രദക്ഷിണം നടത്തും. വനം വകുപ്പ് കുരിശ് പൊളിച്ച് നീക്കിയ ശേഷം ഇവിടെ ദിവസവും വൈകുന്നേരം കരുണക്കൊന്തയും ജപമാല പ്രാര്‍ത്ഥനയും ചൊല്ലുന്നുണ്ട്. ആറരപതിറ്റാണ്ടായി കുടിയേറി കൃഷി ചെയ്തു ജീവിക്കുന്ന ഭൂമി വനംവകുപ്പിന്റേതാണന്ന് സ്ഥാപിക്കുന്ന ഒരു നീക്കവും അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം പാരിഷ് ഹാളില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വ്യക്തമാക്കി.
വണ്ണപ്പുറം പഞ്ചായത്തിലെ എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങളില്‍ മിക്കതും പട്ടയമില്ലാത്ത ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. സമീപ പഞ്ചായത്തുകളായ കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍ എന്നിവിടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. കര്‍ഷകന്‍ രേഖാമൂലം പള്ളിക്ക് എഴുതിയ നല്‍കിയ ഭൂമി എങ്ങനെയാണ് കൈയേറ്റ ഭൂമിയാകുന്നത്? അധികാര ദുര്‍വിനിയോഗം നടത്തിയ റേഞ്ച് ഓഫിസര്‍ക്കെതിരേ നടപടി സ്വീകരിക്കുക, പിഴുതെടുത്ത കുരിശ് തിരികെ സ്ഥാപിക്കാന്‍ അധികൃതര്‍ ഇടപെടല്‍ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.