ആലപ്പുഴ– അമ്പലപ്പുഴയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ എൽ.ഡി.എഫിനും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങളുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. ആലപ്പുഴയിലെ ജി. സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസാരിക്കവേ, ഇന്നത്തെ ഇടതുപക്ഷത്തിൽ യഥാർത്ഥ ഇടതുപക്ഷ നയങ്ങളൊന്നും അവശേഷിക്കുന്നില്ലെന്നും ഈ തിരഞ്ഞെടുപ്പോടെ അവർ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾ ഒരു ഇടതുപക്ഷ സർക്കാരിന് ചേർന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വർഗീയതയുടെ അദൃശ്യമായ കരങ്ങളാണ് എൽ.ഡി.എഫിനെ നയിക്കുന്നതെന്നും ഇത് രാജ്യത്ത് വിദ്വേഷവും വിഭജനവും വളർത്താൻ കാരണമാകുന്നുവെന്നും ആരോപിച്ചു. കേരളത്തിലെ സി.പി.എം നേതൃത്വവും ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വവും തമ്മിൽ അവിശുദ്ധമായ ബന്ധമുണ്ടെന്ന കാര്യം ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും പല ഇടതുപക്ഷ നേതാക്കളും ഈ യാഥാർത്ഥ്യം മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിനെയും അദാനി ഗ്രൂപ്പിനെയും കടന്നാക്രമിച്ച രാഹുൽ ഗാന്ധി, പ്രധാനമന്ത്രിയും ബി.ജെ.പിയും അദാനിയുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്ന് ആരോപിച്ചു. എപ്സ്റ്റീൻ ഫയലിൽ നരേന്ദ്ര മോദി മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുകൾ ഉണ്ടെന്നും, പ്രധാനമന്ത്രിയുടെ പ്രതിച്ഛായ നശിപ്പിക്കാൻ പോന്ന വിവരങ്ങൾ ഡൊണാൾഡ് ട്രംപിന്റെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഡൊണാൾഡ് ട്രംപ് പറയുന്നത് പോലെയാകും നരേന്ദ്ര മോദി പ്രവർത്തിക്കുകയെന്നും ഇത് രാജ്യത്തെ കർഷകരെയും ഊർജ്ജ സുരക്ഷയെയും ദോഷകരമായി ബാധിക്കുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. ഇതിനൊപ്പം അദാനിയുടെ കോർപ്പറേറ്റ് ഘടനയെക്കുറിച്ചും കേന്ദ്രത്തിന്റെ കോർപ്പറേറ്റ് പ്രീണന നയങ്ങളെക്കുറിച്ചും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചു.



