തെല്‍അവീവ് – തെല്‍അവീവിൽ പ്രസംഗത്തിനിടെ മിഡില്‍ ഈസ്റ്റിലേക്കുള്ള യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പരാമര്‍ശിച്ചതോടെ ബഹളം വെച്ചും കൂക്കിവിളിച്ചും ജനക്കൂട്ടം. തെല്‍അവീവിലെ ഹോസ്റ്റേജ് സ്‌ക്വയറില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് സംഭവം. ഗാസ കരാറിലെത്തുന്നതില്‍ നെതന്യാഹു പ്രധാന പങ്കുവഹിച്ചെന്ന് പറഞ്ഞപ്പോള്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ വിറ്റ്‌കോഫിന്റെ പ്രസംഗം തടസ്സപ്പെടുത്തി.
പ്രതിഷേധക്കാര്‍ ഉച്ചത്തില്‍ ബഹളം വെച്ചപ്പോള്‍, എന്റെ പോയിന്റ് ഞാന്‍ പൂര്‍ത്തിയാക്കട്ടെ എന്ന് പറയാന്‍ യുഎസ് പ്രതിനിധി നിര്‍ബന്ധിതനായി. സമാധാനത്തിനുവേണ്ടിയാണ് ഈ സമ്മേളനം എന്ന് വിറ്റ്‌കോഫ് പ്രസംഗത്തില്‍ പറഞ്ഞു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നതായും വിറ്റ്‌കോഫ് പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍ സമാധാനം അസാധ്യമല്ല. ഗാസ കരാറിലെത്തുന്നതില്‍ അറബ് നേതാക്കള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ധീരമായ നേതൃത്വത്തിന് ലോകത്തെ മാറ്റാന്‍ കഴിയുമെന്ന് യുഎസ് പ്രസിഡന്റ് തെളിയിച്ചിട്ടുണ്ട്. അധികാരവും സമാധാനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി ട്രംപ് ലോകത്തിന് കാണിച്ചുകൊടുത്തതായും വിറ്റ്‌കോഫ് പറഞ്ഞു. ഗാസ യുദ്ധവും ഗാസയില്‍ ഡസന്‍ കണക്കിന് ഇസ്രായിലി ബന്ദികളെ തടങ്കലില്‍ വെച്ചതും കാരണം നെതന്യാഹു രണ്ട് വര്‍ഷമായി ഇസ്രായിലില്‍ കടുത്ത വിമർശനം നേരിടുന്നുണ്ട്.
https://twitter.com/i/status/1977081165522534716