ദുബൈ– ദുബൈയിൽ താമസസ്ഥലത്തുണ്ടായ അക്രമണത്തിൽ കുത്തേറ്റ് മരിച്ച കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ൻ്റെ മൃതദേഹം ഇന്ന് (വ്യാഴാഴ്ച) നാട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് വൈകിട്ട് ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് നാട്ടിലേയ്ക്ക് കൊണ്ടു പോകാനുള്ള നടപടികൾ പൂർത്തിയായിയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
താമസ സ്ഥലത്തെ മറ്റൊരു മുറിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ ജസീലിനു കുത്തേൽക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ ജസീലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജസീലിന്റെ മൃതദേഹം കഴിഞ്ഞ 15 ദിവസമായി ദുബൈ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഫൊറൻസിക് വിഭാഗത്തിൽ നിന്ന് ഓട്ടോസ്പി റിപോർട്ട് ലഭിക്കാനുണ്ടായിരുന്നതാണ് മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാൻവൈകിയതിന് കാരണം. ഏറെക്കാലമായി വിദേശത്ത് ജോലി ചെയ്യുന്ന ജസീൽ 6 മാസം മുൻപാണ് ദുബൈയിൽ എത്തിയത്. മാർക്കറ്റിങ് കമ്പനി ജീവനക്കാരനായിരുന്നു. തൊണ്ടിയിൽ അബ്ദുറഹ്മാന്റെയും അജീബിയുടെയും മകനാണ്.
ഭാര്യ: മുഹ്സിന. മകൻ: മെസിൻ ജസീൽ.



