ന്യൂദൽഹി- ഇന്ത്യൻ എക്സ്പ്രസിനെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. തന്റെ അഭിമുഖം വളച്ചൊടിച്ചുവെന്നും പറയാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്നും തരൂർ എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. വാർത്തകൾ എങ്ങിനെയാണ് വ്യാജമായി നിർമ്മിക്കപ്പെടുന്നത് എന്നത് സംബന്ധിച്ച മികച്ച തെളിവാണ് ഇന്ത്യൻ എക്സ്പ്രസിന്റെതെന്നും ശശി തരൂർ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന്റെ പുതിയ മലയാളം പോഡ്‌കാസ്റ്റിലേക്ക് ആളുകളെ കൊണ്ടുവരാനാണ് അവർ ലജ്ജാകരമായ കാര്യങ്ങൾ ചെയ്തതെന്നും ശശി തരൂർ ആരോപിച്ചു.
കേരളത്തിൽ ഒരു നേതാവിന്റെ അഭാവമുണ്ടെന്ന് എന്റെ പേരിൽ വ്യാജ വാർത്ത എക്സ്പ്രസ് പ്രസിദ്ധീകരിച്ചു. ഇത് മറ്റു ദേശീയ മാധ്യമങ്ങൾ വരെ എടുത്തുദ്ധരിക്കുകയും അവരുടെ ഒന്നാം പേജിൽ വാർത്തയാക്കുകയും ചെയ്തു. കേരളത്തിലെ ടെലിവിഷൻ ചാനലുകളിൽ മൂന്ന് ദിവസത്തെ ചർച്ചകൾക്ക് ഇത് തുടക്കമിട്ടു. ഇത്തരം ഒരു പ്രസ്താവന ഞാൻ നടത്തിയിട്ടില്ല. പ്രസ്താവനയുടെ വീഡിയോ ക്ലിപ്പ് വേണമെന്ന് ഞാൻ നിർബന്ധം പിടിച്ചു. എന്നാൽ ബുധനാഴ്ച വരെ കാത്തിരിക്കാനാണ് അവർ പറഞ്ഞത്. ഇന്നലെ വീഡിയോ പുറത്തുവന്നപ്പോൾ, ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് വ്യക്തമായി. എനിക്ക് എല്ലാ തരത്തിലുമുള്ള പ്രശ്നങ്ങൾ സംഭവിച്ചതിന് ശേഷം പത്രം ഇപ്പോഴാണ് ഒരു തിരുത്തൽ പുറത്തിറക്കിയത്.
തനിക്ക് വേറെയും ഓപ്ഷനുകൾ ഉണ്ട് എന്ന് പറഞ്ഞതിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാക്കിയാണ് അവതരിപ്പിച്ചത്. തികച്ചും നിരുപദ്രവകരായ ഒരു പ്രസ്താവനയെ രാഷ്ട്രീയ ലക്ഷ്യം വെച്ച് തെറ്റായി അവതരിപ്പിച്ചു. എനിക്ക് പുസ്തക രചന, പ്രസംഗങ്ങൾ തുടങ്ങിയ ഓപ്ഷനുകളുണ്ട് എന്നാണ് പറഞ്ഞത്. പതിവുപോലെ, ബാക്കിയുള്ള മാധ്യമങ്ങൾ തലക്കെട്ടിനോട് അവർക്കിഷ്ടമുളള രീതിയിൽ പ്രതികരിച്ചു.
ശ്രദ്ധേയമായ ചരിത്രമുള്ളതും ഇപ്പോഴും ഇന്ത്യൻ മാധ്യമങ്ങളിൽ ഏറ്റവും മികച്ച ലേഖനങ്ങൾ വരുന്നതുമായ ഇന്ത്യൻ എക്സ്പ്രസിന്റെ വിശ്വസ്ത വായനക്കാരനാണ് ഞാൻ. എന്നാൽ ഈ എപ്പിസോഡ് ഇന്ത്യൻ പത്രപ്രവർത്തനത്തെക്കുറിച്ചുള്ള എന്റെ ആഴത്തിലുള്ള സംശയത്തിന് ആക്കം കൂട്ടി. ഞാൻ ഇത് എഴുതുന്നത് കോപത്തോടെയല്ല, സങ്കടത്തോടെയാണ്. നിങ്ങൾ സ്വയം എന്താണ് ആകുന്നത് എന്നതിന് ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല. നമ്മുടെ പത്രപ്രവർത്തന സംസ്കാരം ഇങ്ങിനെയായി എന്നത് ദുഃഖകരമാണ്. കൃത്യതയോടോ സത്യസന്ധതയോടോ ഉള്ള അവഗണന, ക്ലിക്ക്‌ബെയ്റ്റ് തലക്കെട്ടുകളോടുള്ള ആസക്തി, ഊഹാപോഹങ്ങളോടും നിസ്സാരകാര്യങ്ങളോടും ഉള്ള ശ്വാസംമുട്ടുന്ന അഭിനിവേശം എന്നിവയെല്ലാം നമ്മുടെ രീതിയായി മാറിയിരിക്കുന്നു.
സ്വതന്ത്ര മാധ്യമമില്ലാതെ നമ്മുടെ ജനാധിപത്യത്തിന് നിലനിൽക്കാനാകില്ല. ഒരു ഉറച്ച ജനാധിപത്യവാദി എന്ന നിലയിൽ, മാധ്യമങ്ങളുടെ മേൽ കൂടുതൽ നിയന്ത്രണങ്ങളോ നിയമങ്ങളോ വേണമെന്ന് ഞാൻ ഒരിക്കലും ആവശ്യപ്പെടില്ല. എന്നാൽ നമ്മുടെ രാജ്യത്ത് മെച്ചപ്പെട്ട മാധ്യമപ്രവർത്തനം പ്രതീക്ഷിക്കുന്നത് പൂർണ്ണമായും വ്യർത്ഥമാകുകയാണോ എന്ന് ഞാൻ സംശയിക്കുന്നു.
പലരും എന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് കണ്ടെത്താൻ അഭിമുഖം ഉപകരിച്ചു. ഞാൻ ഒരിക്കലും പരിഗണിക്കാത്ത ഓപ്ഷനുകളെക്കുറിച്ചുള്ള മറ്റുള്ളവരുടെ ഊഹാപോഹങ്ങൾ അറിയാൻ സാധിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്റെ സ്ഥാനം ചർച്ച ചെയ്യപ്പെട്ടു – ചില സന്ദർഭങ്ങളിൽ ആ ചർച്ചകൾ പ്രബുദ്ധമായതും ഉൾക്കാഴ്ച ഉള്ളതുമായിരുന്നു. ഇത്രയും നിരുത്തരവാദപരമായ പത്രപ്രവർത്തനത്തിൽ ഒരു പൊതുപ്രവർത്തകന് എന്ത് സംരക്ഷണമാണുള്ളത്? ഇന്ത്യൻ എക്സ്പ്രസിന്റെ പോഡ്‌കാസ്റ്റിന് വലിയ ശ്രദ്ധ ലഭിച്ചു, മാധ്യമങ്ങൾക്ക് ദിവസങ്ങളോളം വാർത്താ പ്രാധാന്യവും ലഭിച്ചു. പക്ഷേ ആരും എനിക്ക് വന്ന അധിക്ഷേപം, അപമാനം, അപവാദം എന്നിവയെ പറ്റി ചിന്തിച്ചില്ല. എന്നെ അധിക്ഷേപിച്ച ഒരാളിൽനിന്നും എനിക്ക് ഇതേവരെ ക്ഷമാപണം ലഭിച്ചിട്ടില്ലെന്നും ശശി തരൂർ പറഞ്ഞു.