ചെന്നൈ: വിവാഹമോചന വാർത്തകൾക്കിടെ ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും ദയയ്ക്കും നന്ദി അറിയിച്ച് സംഗീത സംവിധായകൻ എ.ആർ റഹ്മാൻ. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ഭാര്യ സൈറാ ബാനുമായുള്ള 29 വർഷത്തെ ബന്ധം വേർപ്പെട്ടതിൽ റഹ്മാൻ പ്രതികരിച്ചത്.
ഞങ്ങളുടെ ബന്ധം 30 വർഷം പൂർത്തിയാക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാൽ അതുണ്ടായില്ലെന്നും അദ്ദേഹം എക്‌സ് ഹാൻഡിലിൽ കുറിച്ചു. എല്ലാ കാര്യങ്ങൾക്കും കാണാൻ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകർന്ന ഹൃദയങ്ങളാൽ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയ പടിയാകില്ലെങ്കിലും ഞങ്ങൾ അർത്ഥം തേടുകയാണ്. ആകെ തകർന്ന സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങൾ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നതായും എ.ആർ റഹ്മാൻ വ്യക്തമാക്കി.
1995-ൽ വിവാഹിതരായ ഇരുവരും വേർപിരിയുന്ന കാര്യം സൈറാബാനുവിന്റെ അഭിഭാഷക വന്ദനാ ഷാ ഇന്നലെ പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. ദമ്പതികൾക്ക് ഇടയിൽ വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങൾക്ക് ഒടുവിലാണ് തീരുമാനമെന്നാണ് അഡ്വ. വന്ദനാ ഷാ പ്രതികരിച്ചത്.
ഏറെ വിഷമത്തോടെ എടുത്ത തീരുമാനമാണെന്നും ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ അധ്യായത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും ഈ അവസരത്തിൽ സ്വകാര്യത മാനിക്കണമെന്നും സൈറ അഭ്യർത്ഥിച്ചിരുന്നു. വേർപിരിയുന്ന ഘട്ടത്തിൽ സ്വകാര്യത മാനിക്കണമെന്ന ദമ്പതികളുടെ ആവശ്യം തന്നെയാണ് ഇവരുടെ മൂന്ന് മക്കളും ഉന്നയിച്ചത്.
സിനിമാ തിരക്കുകളിലായതിനാൽ തനിക്ക് വധുവിനെ പോയി കാണാനുള്ള സമയമില്ലായിരുന്നെന്നും അന്ന് തന്റെ മതാവാണ് വധുവിനെ കണ്ടെത്തിയതും വിവാഹം നടത്തിയതുമെന്ന് എ.ആർ റഹ്മാൻ മുമ്പൊരിക്കൽ പറഞ്ഞിരുന്നു. വധുവിനെ കണ്ടെത്തുന്നതിന് മുമ്പ് പ്രധാനമായും മൂന്ന് നിബന്ധനകൾ ഉമ്മയ്ക്ക് മുമ്പിൽ വെച്ചതായും റഹ്മാൻ വെളിപ്പെടുത്തിയിരുന്നു. പെൺകുട്ടി വിദ്യഭ്യാസം ഉള്ളവളാകണമെന്നതായിരുന്നു ഒന്നാമത്തെ നിബന്ധന. സംഗീതം ഇഷ്ടപ്പെടുന്ന ആളാവണം എന്നതായിരുന്നു രണ്ടാമത്തെ കണ്ടീഷൻ. നന്നായി പെരുമാറുന്നവളാകണം എന്നതായിരുന്നു മൂന്നാമത്തേത്. ഈ മൂന്ന് ഗുണങ്ങളുമുള്ള ആളെയാണ് ഉമ്മ എനിക്കായി കണ്ടെത്തി, വിവാഹം നടത്തി തന്നതെന്നും പറഞ്ഞു.