റിയാദ് – അടുത്ത മാസം സൗദി അറേബ്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല അറിയിച്ചു. സൗദിയില്‍ പ്രവര്‍ത്തനാരംഭം കുറിച്ച് ഏപ്രില്‍ 10 ന് റിയാദില്‍ പ്രത്യേക ചടങ്ങ് നടക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് മേഖലകളിലെ വരാനിരിക്കുന്ന വികസനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായി ഒപ്റ്റിമസ് റോബോട്ടും സൈബറും ഉള്‍പ്പെടെയുള്ള തങ്ങളുടെ എല്ലാ വാഹനങ്ങളും സൗദിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അമേരിക്കന്‍ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
യൂറോപ്പില്‍ വില്‍പന ഇടിയുകയും ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ആവശ്യം കുറയുന്നത് മൂലം നിക്ഷേപകര്‍ കൈയൊഴിയുകയും ചെയ്യുന്നതിനാല്‍ നിര്‍ണായകമായ സമയത്താണ് ടെസ്‌ല സൗദി വിപണിയില്‍ പ്രവേശിക്കുന്നത്.

സി.ഇ.ഒ എലോണ്‍ മസ്‌കിനെതിരെയുള്ള വിമര്‍ശനം ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ടെസ്‌ല കാര്‍ വില്‍പനയില്‍ ഇടിവുണ്ടാക്കാന്‍ കാരണമായി. വിവാദ രാഷ്ട്രീയ പ്രസ്താവനകളാണ് മസ്‌കിനെതിരായ വിമര്‍ശനങ്ങള്‍ക്ക് കാരണം. വിപണിയിലെ വിലകുറഞ്ഞ ബദലുകളില്‍ നിന്നുള്ള മത്സരവും ടെസ്‌ല കാറുകളുടെ വില്‍പന കുറയാന്‍ കാരണമായിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വിപണിയായ സൗദി അറേബ്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മികച്ച മാര്‍ക്കറ്റാണ്. സൗദി വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താന്‍ സാധിക്കുമെന്ന് ടെസ്‌ല പ്രതീക്ഷിക്കുന്നു.