ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ വിദൂര പ്രദേശമായ മച്ചേദി പ്രദേശത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. കത്വയിൽ നിന്ന് 150 കിലോമീറ്റർ അകലെ മച്ചേഡി-കിൻഡ്ലി-മൽഹാർ റോഡിൽ പതിവ് പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വാഹനങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
സൈനികരുടെ വാഹനങ്ങൾക്ക് നേരെ ഭീകരർ ഗ്രനേഡ് എറിയുകയും തുടർന്ന് വെടിയുതിർക്കുകയും ചെയ്യുകയായിരുന്നു. സുരക്ഷാ സേന തിരിച്ചടിച്ചെങ്കിലും ഭീകരർ അടുത്തുള്ള വനത്തിലേക്ക് ഓടിപ്പോയി. കൂടുതല്‍ സൈനികരെത്തി ഭീകരരെ കണ്ടെത്തുന്നതിനായി തിരച്ചിൽ തുടങ്ങി. ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഇടയ്ക്കിടെ വെടിവയ്പ്പ് നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ 48 മണിക്കൂറിനിടെ ജമ്മു മേഖലയിൽ ഇന്ത്യൻ സൈന്യത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഞായറാഴ്ച രജൗരി ജില്ലയിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റിരുന്നു.
ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി ആറ് ഭീകരർ കൊല്ലപ്പെട്ട് 24 മണിക്കൂറിന് ശേഷമാണ് ഇന്നത്തെ ആക്രമണം. ശനിയാഴ്ച ആരംഭിച്ച ഏറ്റുമുട്ടലിൽ ഒരു പാരാ ട്രൂപ്പർ ഉൾപ്പെടെ രണ്ട് സൈനികർ വീരമൃത്യു വരിച്ചതായും മറ്റൊരു സൈനികന് പരിക്കേറ്റതായും പോലീസ് പറഞ്ഞു.