അയോധ്യ- ആദ്യത്തെ മഴയിൽ തന്നെ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മേൽക്കൂര ചോർന്നൊലിക്കാൻ തുടങ്ങിയെന്ന് അയോധ്യ രാമമന്ദിറിൻ്റെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു. ഇക്കാര്യത്തിൽ അന്വഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുതുതായി നിർമ്മിച്ച രാമക്ഷേത്രത്തിന് ശരിയായ ഡ്രെയിനേജ് ഇല്ലാത്തതിനാൽ മുകളിൽ നിന്ന് വെള്ളം ചോർന്ന് വിഗ്രഹത്തിന് സമീപം അടിഞ്ഞുകൂടുന്നതായി ദാസ് പറഞ്ഞു. പ്രശ്‌നം ഉടൻ പരിഹരിച്ചില്ലെങ്കിൽ മഴ ശക്തമാകുന്നതോടെ പ്രാർത്ഥന നടത്തുന്നത് ബുദ്ധിമുട്ടാകുമെന്നും മുഖ്യപുരോഹിതൻ കൂട്ടിച്ചേർത്തു.
2025-ഓടെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാകുമെന്ന അവകാശവാദവും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് 2024 ആണ്. ഇനി ഒരു വർഷത്തിനുള്ളിൽ എങ്ങിനെയാണ് നിർമാണം പൂർത്തിയാകുക. നിർമാണം ഒരു വർഷത്തിനകം പൂർത്തിയാകുമെന്ന് പറയുന്നത് നല്ല കാര്യമാണ്. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ അതിന് സാധ്യതയില്ല. ഇപ്പോൾ പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്ന സ്ഥലത്തെ പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികാരികൾ പരിശോധിക്കേണ്ടതാണെന്ന് ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.