ജിദ്ദ- ജി.പി.എസ് സിഗ്നൽ പണിമുടക്കിയതോടെയും വാഹനത്തിൽ ഇന്ധനം തീർന്നതോടെയും മരുഭൂമിയിൽ കുടുങ്ങിയ ഇന്ത്യക്കാരനും സുഡാനി പൗരനും മരിച്ചു. സൗദി അറേബ്യയിലെ റുബുഉൽ ഖാലി മരുഭൂമിയിലാണ് തെലങ്കാന കരിംനഗർ സ്വദേശിയായ മുഹമ്മദ് ഷെഹ്സാദ് ഖാനും(27) കൂട്ടുകാരനുമാണ് മരിച്ചത്.
മൂന്നു വർഷമായി സൗദിയിൽ ടെലി കമ്യൂണിക്കേഷൻ മേഖലയിൽ ജോലി ചെയ്യുകയാണ് ഷെഹ്സാദ്. ഇവരുടെ മൊബൈൽ ഫോണിലെ ചാർജ് തീർന്നതോടെ പുറംലോകവുമായി ബന്ധപ്പെടാനും സാധിച്ചില്ല. മരുഭൂമിയിൽ വാഹനത്തിന്റെ ഇന്ധനവും തീർന്നു. കൊടും ചൂടിൽ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഇരുവരും വലഞ്ഞു. കടുത്ത ചൂടിൽ നിർജ്ജലീകരണവും ക്ഷീണവും കാരണം ഇരുവരും മരിക്കുകയായിരുന്നു. നാല് ദിവസത്തിന് ശേഷമാണ് ഷെഹ്സാദിൻ്റെയും കൂട്ടാളിയുടെയും മൃതദേഹങ്ങൾ മരുഭൂമിയിൽ കണ്ടെത്തിയത്. വാഹനത്തിന് സമീപമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.