തബൂക്ക് – തബൂക്ക് പ്രവിശ്യയില്‍ പെട്ട അല്ബദഇല് പ്രവര്‍ത്തിക്കുന്ന എലിമെന്ററി സ്കൂളിന്റെ പ്രിന്‍സിപ്പാള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ സൈക്കിളുകള്‍ വിതരണം ചെയ്ത് വിരമിക്കല്‍ ആഘോഷമാക്കി. മുപ്പതു വര്‍ഷം നീണ്ട സേവനത്തിനു ശേഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്നതോടനുബന്ധിച്ചാണ് പ്രിന്‍സിപ്പാള്‍ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും തന്റെ വകയായി സൈക്കിളുകള്‍ വിതരണം ചെയ്തത്.
അല്ബദഇലെ അബീദുജാന എലിമെന്ററി സ്കൂള്‍ പ്രിന്‍സിപ്പാളാണ് കഴിഞ്ഞ ദിവസം സൈക്കിളുകള്‍ വിതരണം ചെയ്തത്. സ്കൂള്‍ മുറ്റത്ത് സൈക്കിളുകള്‍ നിരനിരയായി നിര്‍ത്തിയിട്ട് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നതിന്റെയും വിദ്യാര്‍ഥികള്‍ സൈക്കിളുകളില്‍ വീടുകളിലേക്ക് മടങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. പ്രിന്‍സിപ്പാളുടെ ചെയ്തിയെ നിരവധി സാമൂഹികമാധ്യമ ഉപയോക്താക്കള്‍ പ്രശംസിച്ചു.