കോഴിക്കോട്: പാലക്കാട് ഇലക്ഷൻ ഫലവുമായി ബന്ധപ്പെടുത്തി സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ പരസ്യമായി അപമാനിച്ച മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടരി പി.എം.എ സലാമിൻ്റെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നതായി സമസ്ത നേതാക്കൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. തെരഞ്ഞെടുപ്പുകാലങ്ങളിൽ ആശീർവാദം തേടി സ്ഥാനാർത്ഥികൾ പ്രമുഖ വ്യക്തിത്വങ്ങളെ സമീപിക്കാറുള്ളത് പതിവ് രീതിയാണ്. വരുന്നവരെ മാന്യമായി സ്വീകരിക്കുക എന്നത് മര്യാദയുമാണ്. ഇതിന്റെ പേരിൽ കേരള മുസ്‌ലിംകളിലെ സിംഹഭാഗത്തെ പ്രതിനിധീകരിക്കുന്ന സമസ്‌തയെന്ന മഹാപ്രസ്ഥാനത്തിൻ്റെ അമരക്കാരനെ ഒട്ടും മാന്യമല്ലാത്ത ശൈലിയിലാണ് സലാം ആക്ഷേപിച്ചിരിക്കുന്നതെന്നും പ്രസ്താവന വ്യക്തമാക്കി.
മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ മറപിടിച്ച് സലഫി ആശയക്കാരായ സലാമുൾപ്പെടെ ചിലർ നിരന്തരമായി സുന്നീ വിശ്വാസങ്ങളെയും സമസ്‌തയെയും ആക്ഷേപിക്കുന്ന പ്രവണത കണ്ടുവരുന്നു. സലഫി പ്രസ്ഥാനവുമായി സുന്നീ വിശ്വാസികൾക്ക് ഒരിക്കലും യോജിക്കാത്ത വിഷയങ്ങൾ പോലും ലീഗ് വേദി പരസ്യമായി ഉപയോഗപ്പെടുത്തി തൻ്റെ സലഫി ആശയം പ്രചരിപ്പിക്കാനുപയോഗപ്പെടുത്തിയത് സമീപകാലത്താണ്.
സുന്നത്ത് ജമാഅത്തിനെതിരെ ലീഗ് വേദി ഉപയോഗപ്പെടുത്തി നിരന്തരം സലഫി ആശയം പ്രചരിപ്പിക്കുന്നത് കൈയ്യും കെട്ടി നോക്കി നിൽക്കാൻ കഴിയില്ല. മുസ്ലിം ലീഗ് പ്രസ്ഥാനത്തെയും സമസ്‌തയെയും പരസ്‌പരം അകറ്റി സലഫിസം നടപ്പിലാക്കാനുള്ള തൽപരകക്ഷികളുടെ ശ്രമത്തെ ചെറുത്തു തോൽപിക്കുക തന്നെ ചെയ്യുമെന്നും പ്രസ്താവന വ്യക്തമാക്കി.
എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, എസ്.വൈ.എസ് വർക്കിംഗ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സംസ്ഥാന സെക്രട്ടറി 3 അബ്ദുസ്സമദ് പൂക്കോട്ടൂർ, ട്രഷറർ എ.എം പരീദ്, ഇബ്രാഹിം ഫൈസി പേരാൽ ( സംസ്ഥാന വൈ: പ്രസിഡണ്ട്) , മുസ്തഫ മുണ്ടുപാറ (സംസ്ഥാന സെക്രട്ടരി ), ഒ.പി. എം.അഷറഫ് (എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി), സയ്യിദ് ഫക്രുദ്ദീൻ തങ്ങൾ ഹസനി കണ്ണന്തളി ( വൈ. പ്രസിഡണ്ട് സംസ്ഥാന കമ്മിറ്റി) അയ്യൂബ് മാസ്റ്റർ മുട്ടിൽ (സംസ്ഥാന ട്രഷറർ) എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.