ജിദ്ദ- സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ബിസിനസുകാർക്ക് പുത്തൻ അനുഭവം സമ്മാനിച്ച് ജിദ്ദയിൽ കസാക് ബെഞ്ചാലി നയിച്ച സിനർജിയ ബിസിനസ് ശില്പശാല. സിനര്‍ജിയ നോളജ് ഷെയറിങ് പ്ലാറ്റ്‌ഫോമിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ ബിസിനസ് കണ്‍സല്‍ട്ടന്‍സിയായ ഐ.ഐ.ബി.എസും ദ മലയാളം ന്യൂസും ചേർന്നാണ് ശില്പശാല സംഘടിപ്പിച്ചത്. പ്രവാസി ബിസിനസുകാർക്ക് തങ്ങളുടെ ബിസിനസിൽ ഉൾക്കാഴ്ച സമ്മാനിച്ചാണ് പ്രമുഖ ബിസിനസ് ട്രെയിനറായ കസാക് ബെഞ്ചാലിയുടെ ശില്പശാല സമാപിച്ചത്. കറം ജിദ്ദ ഹോട്ടലിൽ നടന്ന ശില്പശാലയിൽ നൂറിലേറെ ബിസിനസുകാരാണ് പങ്കെടുത്തത്.

മാറിവരുന്ന കാലത്തിന് അനുസരിച്ച് ബിസിനസിൽ പുതിയ രീതികൾ ആവിഷ്കരിച്ചില്ലെങ്കിൽ പരാജയപ്പെട്ടുപോകുമെന്ന് കസാക് ബെഞ്ചാലി പറഞ്ഞു. അവസരങ്ങളുടെ വലിയ ലോകമാണ് മുന്നിലുള്ളത്. അവയെ തിരിച്ചറിയണമെങ്കിൽ കണ്ണും കാതും തുറന്നുവെക്കണം. വിജയത്തിലേക്ക് കുറുക്കുവഴികളില്ല. നമുക്ക് ശേഷവും ബിസിനസ് നിലനിൽക്കുന്നതിന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ഐ.ഐ.ബി.എസ് ചെയർമാൻ ഡോ. ഫിറോസ് ഉമർ ആര്യൻ തൊടിക സ്വാഗതം പറഞ്ഞു. ദ മലയാളം ന്യൂസ് എഡിറ്റർ എൻ.എം സ്വാലിഹ്, സലാഹ് കാരാടൻ, ഐ.ഐ.ബി.എസ് മാർക്കറ്റിംഗ് മാനേജർ നാഷിദ് സൽമാൻ എന്നിവർ പ്രസംഗിച്ചു. ഐ.ഐ.ബി.എസ് മാനേജിംഗ് ഡയറക്ടർ ആബിദ് ആര്യന്‍തൊടിക, ഓപ്പറേഷൻ ഹെഡ് നജ്മല്‍ കാരാട്ടുതൊടി, അർക്കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഫൗണ്ടർ ആന്റ് സി.ഇ.ഒ കെ.ടി സുനീർ, ഡയറക്ടർ മുഹമ്മദ് കുട്ടി, ദ മലയാളം ന്യൂസ് എഡിറ്റർ വഹീദ് സമാൻ, ദ മലയാളം ന്യൂസ് ബിസിനസ് ഹെഡ് ഫിർദൗസ് ശൈഖ് എന്നിവർ സംബന്ധിച്ചു.
കസാക് ബെഞ്ചാലിയുടെ ശില്പശാല ഇന്ന് (22.02.2025- ശനി) റിയാദിൽ നടക്കും. വൈകിട്ട് ഏഴിന് റിയാദ് അൽ മലാസിലെ അൽ മാസ് ഹോട്ടലിലാണ് പ്രോഗ്രാം. For booking- 0542005753