സിഡ്നി – സിഡ്നി ബോണ്ടി ബീച്ചിലെ വെടിവെപ്പിനിടെ സ്വന്തം ജീവൻ പണയപ്പെടുത്തി തോക്കുധാരിയായ അക്രമിയെ കീഴ്പ്പെടുത്തിയ കച്ചവടക്കാരനെ വാഴ്ത്തുകയാണ് ലോകം. ഞായറാഴ്ച വൈകിട്ട്, ഹനുക്ക ആഘോഷങ്ങൾക്കിടെ നടന്ന ഭീകരാക്രമണത്തിനിടെയാണ് അഹ്‍മദ് അൽ അഹ്‍മദ് എന്ന സിഡ്നി സ്വദേശി ധീരതയുടെ പര്യായമായി മാറിയത്. സ്വന്തം ജീവൻ പോലും വകവെക്കാതെ ഈ 43-കാരൻ നടത്തിയ ഇടപെടലാണ് മരണസംഖ്യ ഉയരാതെ കാത്തതെന്ന് അധികൃതർ വ്യക്തമാക്കി.
ബോണ്ടി ബീച്ചിന് സമീപമുള്ള ആർച്ചർ പാർക്കിൽ ജനക്കൂട്ടത്തിന് നേരെ അക്രമി വെടിയുതിർക്കുമ്പോഴാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് പിന്നിൽ മറഞ്ഞുനിന്ന അഹ്മദ്, തക്കസമയത്ത് പിന്നിലൂടെയെത്തി അക്രമിയെ കടന്നുപിടിക്കുകയായിരുന്നു. മൽപിടുത്തത്തിനൊടുവിൽ തോക്ക് തട്ടിയെടുത്തു. ഇത് അക്രമിക്കു നേരെ ചൂണ്ടിയെങ്കിലും, പിന്നീട് സുരക്ഷിതമായി ദൂരേക്ക് മാറ്റിവെക്കുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. അക്രമിയെ തടയുന്നതിനിടെ അഹ്മദിന്റെ കൈക്കും തോളിനും വെടിയേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. സിഡ്നിയിലെ സതർലാൻഡ് ഷയർ സ്വദേശിയായ ഇദ്ദേഹം രണ്ട് കുട്ടികളുടെ പിതാവാണ്.
അഹ്മദിന്റെ ധീരതയെ ‘അവിശ്വസനീയം’ എന്നാണ് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസ് വിശേഷിപ്പിച്ചത്. “അദ്ദേഹം ഒരു യഥാർത്ഥ ഹീറോയാണ്. അദ്ദേഹത്തിന്റെ ധീരത ഒന്ന് കൊണ്ട് മാത്രമാണ് ഇന്ന് പലരും ജീവനോടെ ഇരിക്കുന്നത്,” മിൻസ് പറഞ്ഞു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസും അഹ്മദിന്റെ ധീരതയെ പ്രശംസിച്ചു. 12 പേരുടെ ജീവനെടുത്ത ആക്രമണത്തിനിടെയാണ് അഹ്മദ് രക്ഷകനായി അവതരിച്ചത്.
https://x.com/BNONews/status/2000132757184233493



