തിരുവനന്തപുരം- പി.വി അൻവറിന് പോലീസിലെ വിവരങ്ങൾ ചോർത്തി നൽകി എന്ന് ആരോപിച്ച് ഡിവൈ.എസ്.പി എം.ഐ ഷാജിയെ സർക്കാർ സർവീസിൽനിന്ന് സസ്പെന്റ് ചെയ്തു. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസുമായി ബന്ധപ്പെട്ട രേഖ അൻവറിന് കൈമാറിയതിന് പിന്നിൽ ഷാജിക്ക് ബന്ധമുണ്ട് എന്ന് ആരോപിച്ചാണ് സസ്പെൻഷൻ.
രേഖ ചോർത്തിയതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. അൻവറിന്റെ വീട്ടിലെത്തി ഷാജി രേഖ കൈമാറി എന്നാണ് വിജിലൻസ് കണ്ടെത്തിയത്. ഇതിന്റെ ഭാഗമായി നേരത്തെ ഷാജിയെ തിരുവനന്തപുരത്ത്നിന്ന് കാസർക്കോട്ടേക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നീടാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്. ക്രൈം ബ്രാഞ്ചിന്റെ രേഖകൾ ചോർന്നത് പോലീസിൽ വൻ വിവാദമായിരുന്നു. മലപ്പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അൻവർ ഈ രേഖകൾ പുറത്തുവിട്ടത്. അൻവറിന്റെ ഒതായിയിലെ വീട്ടിലെത്തി ഷാജി വിവരങ്ങൾ കൈമാറി എന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ.