ആലപ്പുഴ: നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. ആലപ്പുഴ ചേർത്തല പൂച്ചാക്കൽ സ്വദേശിനിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചുമൂടിയതായി സംശയിക്കുന്നത്.
സംഭവത്തിൽ യുവതിയും തകഴി സ്വദേശികളായ രണ്ടു പേരെയും പോലീസ് കസ്റ്റഡിയിലെടുത്ത് കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണ്. പ്രസവത്തിനുശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആൺസുഹൃത്തിന് കൈമാറുകയാണുണ്ടായതെന്നാണ് ലഭിച്ച വിവരം.
തകഴി കുന്നുമ്മലിലാണ് കുഞ്ഞിനെ കുഴിച്ചുമൂടിയതെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിന്റെ മൃതദേഹം യുവതിയുടെ ആൺസുഹൃത്തിനെ ഏൽപ്പിച്ചുവെന്നും അയാളും സുഹൃത്തും കൂടി തകഴിയിൽ കൊണ്ടുവന്ന് മറവുചെയ്തെന്നുമാണ് പറയുന്നത്.