ന്യൂദൽഹി-മദ്രസകൾ അടച്ചുപൂട്ടണമെന്ന ബാലാവകാശ കമ്മീഷൻ നിർദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു. ബാലാവകാശ കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിലുള്ള തുടർ നടപടികളും സ്റ്റേ ചെയ്ത കോടതി, ഇക്കാര്യത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചു. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകൾ പൂട്ടണം എന്നായിരുന്നു ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടത്. യു.പി സർക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ജംഇയ്യത്തൽ ഉലമ ഹിന്ദാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
മദ്രസ ബോർഡുകൾ നിര്‍ത്തലാക്കണമെന്നും വിദ്യാഭ്യാസ അവകാശ നിയമം ലംഘിക്കുന്ന മദ്രസകൾ അടച്ചു പൂട്ടണമെന്നുമായിരുന്നു ദേശീയ ബാലാവകാശ കമ്മീഷൻ ശുപാർശ ചെയ്തത്. മദ്രസകളിൽ ഭരണഘടന ലംഘനം നടക്കുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കമ്മീഷൻ അയച്ചിരുന്നു.