ന്യൂദൽഹി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് രാജ്യത്ത് നിലവിലുണ്ടായിരുന്ന എല്ലാ പുരാതന ആരാധനലായങ്ങളുടേയും തല്‍സ്ഥിതി സംരക്ഷിക്കുന്ന 1991ലെ ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം കേൾക്കാൻ സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ആരാധനാലയ നിയമത്തിലെ വ്യവസ്ഥകൾ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം റിട്ട് ഹർജികളാണ് സുപ്രീം കോടതിയിൽ വിവിധ കക്ഷികൾ സമർപ്പിച്ചിരിക്കുന്നത്. ഇവ ഡിസംബർ 12ന് ഉച്ചകഴിഞ്ഞ് 3.30 ന് കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഈ കേസിനായി പുതുതായി രൂപീകരിച്ചത്. നിയമം ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നും മതം ആചരിക്കാനുള്ള മൗലികാവകാശത്തെ ഹനിക്കുന്നതാണെന്നും ഇത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 25 പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനത്തിലേക്ക് നയിക്കുന്നുവെന്നുമാണ് ഹർജിക്കാരുടെ വാദം.
അശ്വിനി കുമാർ ഉപാധ്യായ 2020-ൽ ഫയൽ ചെയ്ത കേസിൽ, കോടതി 2021 മാർച്ചിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. പിന്നീട്, സമാനമായ മറ്റ് ചില ഹർജികളും സുപ്രീം കോടതിയിൽ എത്തി. ആരാധനാലയങ്ങൾക്ക് 1947 ഓഗസ്റ്റ് 15ന് നിലവിലുള്ള തൽസ്ഥിതി തുടരണമെന്ന ഭരണഘടനാ ചട്ടം ചോദ്യം ചെയ്താണ് ഇവർ കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇതേവരെ എതിർ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ല.
1991ലെ ആരാധനാലയ നിയമത്തിൻ്റെ സാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ ജ്ഞാനവാപി മസ്ജിദ് മാനേജിംഗ് കമ്മിറ്റി സുപ്രീം കോടതിയിൽ കക്ഷി ചേർന്നിട്ടുണ്ട്. ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ഇതിന്റെ അനന്തര ഫലങ്ങൾ ഏറെ പ്രത്യാഘാതമുണ്ടാക്കുന്നതാണെന്നും കമ്മിറ്റി വാദിച്ചു.
എന്താണ് ആരാധനാലയ നിയമം, അതിലെ വ്യവസ്ഥകൾ എന്തൊക്കെയാണ്?
“1947 ഓഗസ്റ്റ് 15-ന് നിലവിലുണ്ടായിരുന്ന ഏതെങ്കിലും ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം നിലനിർത്തുന്നതിനും ഏതെങ്കിലും ആരാധനാലയം മറ്റു വിഭാഗങ്ങൾ പിടിച്ചെടുക്കുന്നതും തടയുന്നതും നിരോധിക്കുന്നതിനുമുള്ള നിയമം എന്നാണ് ഇതിനെ വിശദീകരിക്കുന്നത്.
ആക്ടിന്റെ മൂന്നാം വകുപ്പ് പ്രകാരം, ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ആരാധനാലയത്തെ പൂർണ്ണമായോ ഭാഗികമായോ, മറ്റൊരു മതവിഭാഗത്തിന്റെതാക്കി മാറ്റുന്നത് തടയുന്നുണ്ട്.
1947 ആഗസ്ത് 15-ന് ഒരു ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം “നിലവിലുണ്ടായിരുന്നതുപോലെ തന്നെ തുടരും” എന്ന് സെക്ഷൻ 4(1) പ്രഖ്യാപിക്കുന്നു. 1947 ആഗസ്ത് 15-ന് നിലവിലുള്ള ഏതെങ്കിലും ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം മാറ്റുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും കോടതിയുടെ മുമ്പാകെ തീർപ്പുകൽപ്പിക്കാത്ത മുഴുവൻ കേസുകളും റദ്ദാക്കുമെന്നും പുതിയ കേസോ നിയമ നടപടികളോ ആരംഭിക്കാൻ കഴിയില്ലെന്നും സെക്ഷൻ 4(2) പറയുന്നു.
ബാബറി മസ്ജിദ് കേസിനും അതുമായി ബന്ധപ്പെട്ട ഏത് കേസിനും അപ്പീലിനും നടപടികൾക്കും ഈ നിയമം ബാധകമല്ലെന്ന് സെക്ഷൻ 5 അനുശാസിക്കുന്നു.
ഈ നിയമത്തെ ചോദ്യം ചെയ്ത് ലക്‌നൗ ആസ്ഥാനമായുള്ള വിശ്വഭദ്ര പൂജാരി പുരോഹിത് മഹാസംഘും സനാതൻ വേദ മതത്തിന്റെ ചില അനുയായികളും ബിജെപി നേതാവ് അശ്വിനി ഉപാധ്യായയും സമർപ്പിച്ച ഹരജികളാണ് ഇന്ന് സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ച് പരിഗണിക്കുന്നത്.
ബാബരി മസ്ജിദ് ആവശ്യപ്പെട്ടുള്ള സമരങ്ങൾ അതിന്റെ മൂർദ്ധന്യത്തിൽ നിന്ന സമയത്താണ് പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന്റെ കോൺഗ്രസ് സർക്കാർ ഈ നിയമം കൊണ്ടുവന്നത്. ബാബറി മസ്ജിദ് അപ്പോഴും നിലനിന്നിരുന്നു, എന്നാൽ എൽ കെ അദ്വാനിയുടെ രഥയാത്ര, ബിഹാറിൽ അറസ്റ്റ്, ഉത്തർപ്രദേശിൽ കർസേവകർക്ക് നേരെയുള്ള വെടിവയ്പ്പും വർഗീയ സംഘർഷങ്ങളും ആ സമയത്തായിരുന്നു.
പാർലമെന്റിൽ ബിൽ അവതരിപ്പിച്ചുകൊണ്ട് അന്നത്തെ ആഭ്യന്തര മന്ത്രി എസ് ബി ചവാൻ, “സാമുദായിക അന്തരീക്ഷം തകർക്കുന്ന ആരാധനാലയങ്ങളുടെ പരിവർത്തനവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിൽ ഉയർന്നുവരുന്ന വിവാദങ്ങൾ കണക്കിലെടുത്ത് ഈ നടപടികൾ സ്വീകരിക്കേണ്ടത് ആവശ്യമാണെന്ന് കരുതുന്നു. ഏതെങ്കിലും ആരാധനാലയത്തിന്റെ പരിവർത്തനവുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങൾ ഉണ്ടാകുന്നത് ഈ ബിൽ തടയും”, എന്നാണ് പറഞ്ഞത്. മുസ്ലിം ലീഗ് എം.പിമാരുടെ നിരന്തര ആവശ്യങ്ങളും ഈ നിയമം പാസാക്കാൻ കാരണമായിരുന്നു.