ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിൽ പങ്കെടുക്കാൻ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതി അനുമതി നൽകി. അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസിലോ സെക്രട്ടേറിയേറ്റിലോ പോകരുതെന്നും സുപ്രീം കോടതി ഉത്തരവിലുണ്ട്.
കെജ്രിവാൾ ഒരു ദേശീയ പാർട്ടിയുടെ നേതാവാണെന്നും സമൂഹത്തിന് അദ്ദേഹം ഒരു ഭീഷണി അല്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപങ്കർ ദത്തയും വ്യക്തമാക്കി.
“അരവിന്ദ് കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിയും ഒരു ദേശീയ പാർട്ടിയുടെ നേതാവുമാണ്. ഗുരുതരമായ ആരോപണങ്ങൾ അദ്ദേഹത്തിന്റെ മേൽ ഉന്നയിക്കപ്പെട്ടിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ അദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തിന് ക്രിമിനൽ പശ്ചാത്തലമില്ല. അദ്ദേഹം സമൂഹത്തിന് ഒരു ഭീഷണിയല്ലെന്നും കോടതി വ്യക്തമാക്കി.
21 ദിവസത്തേക്ക് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചാൽ വലിയ മാറ്റമൊന്നും ഉണ്ടാകില്ല. കഴിഞ്ഞ ഒന്നരവർഷമായി നടക്കുന്ന അന്വേഷണത്തിൽ വോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പാണ് അരവിന്ദ് കെജ്രിവാളിനെ അറിസ്റ്റ് ചെയ്തത്. 2022 ഓഗസ്റ്റിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അദ്ദേഹം (കെജ്‌രിവാൾ) ഒന്നര വർഷമായി അവിടെ ഉണ്ടായിരുന്നു. നേരത്തെ അറസ്റ്റ് ചെയ്യാമായിരുന്നു. അല്ലെങ്കിൽ തെരഞ്ഞെടുപ്പിന് ശേഷം ചെയ്യാമായിരുന്നു. അതുണ്ടായില്ലെന്നും കോടതി നിരീക്ഷിച്ചു. ശേഷം പക്ഷേ അങ്ങനെയൊന്നും സംഭവിച്ചില്ല.”
ഇപ്പോൾ റദ്ദാക്കിയ ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രിയെ ഇഡി മാർച്ചിൽ അറസ്റ്റ് ചെയ്തിരുന്നു.
2021-22 ലെ ഡൽഹി മദ്യനയം മൊത്തക്കച്ചവടക്കാർക്ക് 12 ശതമാനവും ചില്ലറ വ്യാപാരികൾക്ക് 185 ശതമാനവും അസാധാരണമായ ഉയർന്ന ലാഭം നൽകിയെന്നാണ് ഇഡിയുടെ കേസ്. ഡൽഹി മദ്യനയ കേസിലെ അന്വേഷണത്തിൻ്റെ പ്രധാന ശ്രദ്ധ കേന്ദ്ര ഏജൻസികൾ “സൗത്ത് ഗ്രൂപ്പ്” എന്ന് വിളിക്കുന്ന ഇടനിലക്കാർ, വ്യവസായികൾ, രാഷ്ട്രീയക്കാർ എന്നിവരുടെ ശൃംഖലയായിരുന്നു.
തിരഞ്ഞെടുപ്പ് ജനാധിപത്യത്തിൻ്റെ സുപ്രധാന ഭാഗമാണെന്നും സാധാരണ പൗരന്മാർക്ക് ലഭിക്കാത്ത ആനുകൂല്യങ്ങൾ രാഷ്ട്രീയക്കാർക്ക് ലഭിക്കുന്നതിനെക്കുറിച്ച് ഈ വിധി ചോദ്യം ഉന്നയിക്കില്ലെന്നും സുപ്രീം കോടതി പറഞ്ഞു.