റിയാദ് – ചരിത്രത്തില്‍ ഇന്നുവരെ ദര്‍ശിക്കാത്ത തരത്തിൽ ഏറ്റവും ഭംഗിയായും വിജയകരമായും 2034 ഫിഫ വേള്‍ഡ് കപ്പ് സംഘാടനത്തിന് സുപ്രീം അതോറിറ്റി സ്ഥാപിച്ചതായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് അറിയിച്ചു. 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം സൗദി അറേബ്യക്ക് നല്കുന്ന ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നതിനു പിന്നാലെ ലോകകപ്പ് സംഘാടനത്തിന് സുപ്രീം അതോറിറ്റി സ്ഥാപിച്ച് കിരീടാവകാശി ഉത്തരവിട്ടു.
കിരീടാവകാശി അധ്യക്ഷത വഹിക്കുന്ന സുപ്രീം അതോറിറ്റിയില്‍ സ്പോര്‍ട്സ് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ രാജകുമാരന്, ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്, സാംസ്കാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്ഹാന് രാജകുമാരന്, സഹമന്ത്രിയും സാമ്പത്തിക, വികസന സമിതി അംഗവുമായ മുഹമ്മദ് ആലുശൈഖ്, മുനിസിപ്പല്‍, പാര്‍പ്പിടകാര്യ മന്ത്രി മാജിദ് അല്‍ഹുഖൈല്‍, ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍, കമ്മ്യൂണിക്കേഷന്‍സ്, ഐ.ടി മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല അല്‍സവാഹ, മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്റാഹ്ജി, ഗതാഗത, ലോജിസ്റ്റിക്സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍, ടൂറിസം മന്ത്രി അഹ്മദ് അല്‍ഖതീബ്, ആരോഗ്യ മന്ത്രി എന്‍ജിനീയര്‍ ഫഹദ് അല്‍ജലാജില്‍, സഹമന്ത്രിയും ഡെവലപ്മെന്റ് അതോറിറ്റീസ് സപ്പോര്‍ട്ട് സെന്റര്‍ ചെയര്‍മാനുമായ എന്‍ജിനീയര്‍ ഇബ്രാഹിം അല്‍സുല്‍ത്താന്‍, ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി ആലുശൈഖ്, സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഗവര്‍ണര്‍ യാസിര്‍ അല്‍റുമയ്യാന്‍, റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് ഡോ. ഫഹദ് അല്‍തൂനിസി, റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് അബ്ദുല്‍ അസീസ് തറാബ്സൂനി, സൗദി അറേബ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് യാസിര്‍ അല്‍മിസ്ഹല്‍ എന്നിവര്‍ അംഗങ്ങളാണ്.
രാജ്യത്തിന്റെ മഹത്തായ ശേഷികളും സൗദി ജനതയുടെ ഊര്‍ജവും ഉയര്‍ന്ന നിശ്ചയദാര്‍ഢ്യവും പ്രയോജനപ്പെടുത്തി ലോകമെമ്പാടും ഫുട്ബോള്‍ കളി വികസിപ്പിക്കാനും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് കിരീടാവകാശി പറഞ്ഞു. സൗദി ജനതയുടെ ഊര്‍ജത്തിന്റെയും ഉയര്‍ന്ന നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമത്തില്‍ സൗദി അറേബ്യ വിജയം കൈവരിച്ചതെന്നും മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പറഞ്ഞു.
അതിനിടെ, 2034 ലോകകപ്പ് സംഘാടന ചുമതല സൗദി അറേബ്യക്ക് ലഭിച്ചതോടനുബന്ധിച്ച് സ്പോര്‍ട്സ് മന്ത്രാലയവുമായി സഹകരിച്ച് ജവാസാത്ത് ഡയറക്ടറേറ്റ് പ്രത്യേക സീല്‍ പുറത്തിറക്കി. ലോകത്തിന് സ്വാഗതം (വെല്‍കം വേള്‍ഡ്) എന്ന ശീര്‍ഷത്തിലുള്ള സീല്‍ ആണ് യാത്രക്കാരുടെ പാസ്പോര്‍ട്ടുകളില്‍ ജവാസാത്ത് പതിക്കുന്നത്. എയര്‍പോര്‍ട്ടുകളും കരാതിര്‍ത്തി പോസ്റ്റുകളും തുറമുഖങ്ങളും അടക്കമുള്ള അന്താരാഷ്ട്ര അതിര്‍ത്തി പ്രവേശന കവാടങ്ങളിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ പാസ്പോര്‍ട്ടുകളില്‍ പുതിയ സീല്‍ പതിക്കുന്നു.