ഡൽഹി – പിടികൂടിയ നായകളെ പൊതു ഇടങ്ങളിൽ തുറന്നു വിടരുതെന്ന് സുപ്രിം കോടതി. ദേശീയ പാതകളിൽനിന്ന് കന്നുകാലികളെയും നായകളെയും മാറ്റാൻ സർക്കാരുകളും ദേശീയപാത അതോറിറ്റികളും നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു. തെരുവുനായ വിഷയത്തിൽ സുപ്രിം കോടതി സ്വമേധയാ സ്വീകരിച്ച കേസിലാണ് ഇടക്കാല ഉത്തരവ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം നായകൾ പ്രവേശിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ ഇത് കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി നിർദ്ദേശിച്ചു. നിർദ്ദേശങ്ങൾ പാലിക്കാത്ത പക്ഷം, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവാദികൾ ആയിരിക്കും. ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനുള്ള പദ്ധതികൾ വിശദീകരിക്കുന്ന തൽസ്ഥിതി റിപ്പോർട്ട് എട്ട് ആഴ്ചകൾക്കുള്ളിൽ സമർപ്പിക്കണം. കൂടാതെ, നായകൾ പ്രവേശിക്കുന്നത് തടയുന്നതിനുള്ള ഫെൻസിങ് ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.



