ദുബായ് – ആയുസിലെ നീണ്ട 63 വര്‍ഷം ചെലവഴിച്ച ദുബായിയുടെ മണ്ണില്‍ ലയിച്ച് അന്ത്യവിശ്രമം കൊള്ളണമെന്ന ഇന്ത്യന്‍ പ്രവാസി വ്യവസായി ഹേം ചന്ദ് ചതുര്‍ഭുജ് ദാസ് ഗാന്ധിയുടെ അന്ത്യാഭിലാഷം സഫലമായി. ചൊവ്വാഴ്ച മുംബൈയില്‍ അന്തരിച്ച ഹേംചന്ദ് ഗാന്ധിയുടെ ഭൗതിക ശരീരം വെള്ളിയാഴ്ച ദുബായില്‍ സംസ്‌കരിച്ചത് അപൂര്‍വവും അസാധാരണവുമായ സംഭവമായി. ബന്ധുമിത്രാതികള്‍ക്ക് അവസാനമായി ഒരുനോക്ക് കാണാനും അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനും ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെടുന്ന പ്രവാസികളുടെ ഭൗതിക ശരീരങ്ങള്‍ സാധാരണ സ്വദേശങ്ങളിലേക്ക് കൊണ്ടുപോകാറാണ് പതിവ്. ഇതിന് വിപരീതമായി ഇന്ത്യയില്‍ വെച്ച് മരണപ്പെട്ട ഹേംചന്ദ് ഗാന്ധിയുടെ ഭൗതിക ശരീരം സംസ്‌കരിക്കാന്‍ വേണ്ടി ദുബായിലേക്ക് കൊണ്ടുവരികയായിരുന്നു.
സംസ്‌കാര ചടങ്ങില്‍ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി ആളുകള്‍ പങ്കെടുത്തു. സംസ്‌കാരത്തിന് മുമ്പ് അല്‍മന്‍ഖൂലിലെ അദ്ദേഹത്തിന്റെ വില്ലയില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേർ ഒത്തുകൂടി. ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സ്‌നേഹവും ആദരവും നേടിയെടുത്ത വിശിഷ്ട വ്യക്തിത്വത്തിന് ഉടമയായിരുന്നു ഹേംചന്ദ് ഗാന്ധി.
സ്വന്തം വീട് എന്ന് വിളിച്ച ദുബായുമായി ഹേംചന്ദ് ഗാന്ധിയുടെ ഹൃദയം 63 വര്‍ഷമായി ഇഴപിരിയാന്‍ കഴിയാത്തവിധം ബന്ധപ്പെട്ടുകിടക്കുകയായിരുന്നു. 1962 ല്‍ പഴയ ബോംബെയില്‍ നിന്ന് ഒമാന്‍ വഴി ബോട്ടില്‍ ദുബായില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പോക്കറ്റില്‍ ഒരു മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റും 300 രൂപയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിജയം കൈവരിക്കാന്‍ നിശ്ചയദാര്‍ഢ്യം പ്രകടിപ്പിച്ച അദ്ദേഹം തുടക്കത്തില്‍ റേഡിയോ മെക്കാനിക്കായി ജോലി ചെയ്തു. അതിവേഗത്തില്‍ ടൈപ്പ് ചെയ്യാനുള്ള മിടുക്ക് കാരണം വൈകാതെ ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡില്‍ ഈസ്റ്റില്‍ ടൈപ്പിസ്റ്റായി ജോലി ലഭിച്ചു.
അദ്ദേഹത്തിന്റെ അഭിലാഷം തൊഴിലിനപ്പുറത്തേക്ക് വ്യാപിച്ചു. ദുബായിലെ വ്യാപാര മേഖലയില്‍ അപാരമായ സാധ്യതകള്‍ കണ്ടു. അങ്ങിനെ, ഉച്ചക്ക് രണ്ടു മണിക്ക് ബാങ്ക് അടച്ചതിനു ശേഷം ഹേംചന്ദ് ഗാന്ധി പാര്‍ട്ട് ടൈം ആയി ഫുഡ്സ്റ്റഫ് ബിസിനസില്‍ മുഴുകി. പതിനെട്ടു വര്‍ഷത്തെ ജോലിക്ക് ശേഷം അദ്ദേഹം ബാങ്ക് ജോലി വിട്ട് മുഴുസമയ ബിസിനസ് ആരംഭിച്ചു.
1978 ആയപ്പോഴേക്കും അദ്ദേഹം എം.എച്ച് എന്റര്‍പ്രൈസസ് സ്ഥാപിച്ചു. ഈ സ്ഥാപനം പിന്നീട് യു.എ.ഇയിലും വിദേശത്തും ഭക്ഷ്യവിതരണ മേഖലയിലെ മുന്‍നിര കമ്പനിയായി മാറി. ആദ്യകാലങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനും വിതരണം ചെയ്യാനും അദ്ദേഹം സ്വയം ട്രക്ക് ഓടിച്ചിരുന്നു. 1986 ല്‍ മധ്യപൗരസ്ത്യദേശത്തും ഉത്തരാഫ്രിക്കയിലും മൊത്തവ്യാപാര, കയറ്റുമതി ബിസിനസ് സുഗമമാക്കാനായി അദ്ദേഹം അല്‍റാസില്‍ പുതിയ സ്ഥാപനം തുറന്നു. 1992 ല്‍ ഭക്ഷ്യവസ്തുക്കളുടെയും വ്യാവസായിക രാസവസ്തുക്കളുടെയും വേഗത്തിലുള്ള വിതരണത്തിനായി വലിയ വെയര്‍ഹൗസോടെ കെമിക്കല്‍ ഡിവിഷന്‍ സ്ഥാപിച്ചു. പതിറ്റാണ്ടുകള്‍ക്കിടെ അദ്ദേഹത്തിന്റെ കമ്പനി നെസ്ലെ, യൂണിലിവര്‍ തുടങ്ങിയ പ്രധാന അന്താരാഷ്ട്ര ബ്രാന്‍ഡുകളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം വികസിപ്പിക്കുകയും പലചരക്ക്, സുഗന്ധദ്രവ്യങ്ങള്‍, മിഠായി, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങി വിവിധ മേഖലകളിലേക്ക് പ്രവേശിക്കുകയും ചെയ്തു.
ഹേംചന്ദ് ഗാന്ധിയുടെ നേതൃത്വത്തില്‍ എം.എച്ച് ഗ്രൂപ്പ് 2,500 ലേറെ ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ബിസിനസ് സാമ്രാജ്യമായി വളര്‍ന്നു. യു.എ.ഇ, ഒമാന്‍, മാലിദ്വീപ്, സീഷെല്‍സ് എന്നിവിടങ്ങളില്‍ ഗ്രൂപ്പ് ശക്തമായ സാന്നിധ്യം നിലനിര്‍ത്തി. ഇന്ത്യയിലെ ഡ്യൂട്ടി ഫ്രീ മേഖലയിലേക്കും ഗ്രൂപ്പ് കടന്നു. അദാനി ഇന്‍ഡസ്ട്രീസ് ഒടുവില്‍ എം.എച്ച് ഗ്രൂപ്പിന്റെ പ്രധാന ഓഹരി ഏറ്റെടുത്തു.
മഹത്തായ വിജയങ്ങള്‍ നേടിയിട്ടും ഹേംചന്ദ് ഗാന്ധി കഠിനാധ്വാനവും സ്ഥിരോത്സാഹവും തുടര്‍ന്നു. 85 വയസുള്ളപ്പോഴും ദീര്‍ഘനേരം ജോലി ചെയ്യുന്ന, കര്‍ശനമായ ജോലി സമയക്രമം പാലിച്ച ഒരു സമര്‍പ്പിത സംരംഭകനായിട്ടാണ് ജീവനക്കാര്‍ അദ്ദേഹത്തെ ഓര്‍ക്കുന്നത്. രാവിലെ മുതല്‍ വൈകുന്നേരം വരെ ഓഫീസില്‍ ഹേംചന്ദ് ഗാന്ധിയുടെ സാന്നിധ്യം അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത പരിശ്രമത്തിന്റെ തെളിവാണെന്ന് എം.എച്ച് ഗ്രൂപ്പിലെ ഫിനാന്‍സ് ഡയറക്ടര്‍ വില്‍സണ്‍ മേത്ത പറഞ്ഞു. അദ്ദേഹം നമുക്കെല്ലാവര്‍ക്കും ഒരു പ്രചോദനമായിരുന്നു. കഠിനാധ്വാനത്തിലൂടെ അദ്ദേഹം തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തു. ആഴ്ചയില്‍ ആറ് ദിവസവും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ അദ്ദേഹം ഓഫീസിലുണ്ടായിരുന്നു. അദ്ദേഹം എപ്പോഴും സജീവമായിരുന്നു. കമ്പനിക്ക് ശക്തമായ പ്രശസ്തി നേടിക്കൊടുത്ത അദ്ദേഹം, ഞങ്ങളുടെ ബിസിനസ് പങ്കാളികളുമായി ദീര്‍ഘകാല ബന്ധം കെട്ടിപ്പടുക്കുകയും ദുബായ് ക്വാളിറ്റി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും നേടുകയും ചെയ്തു -വില്‍സണ്‍ മേത്ത പറഞ്ഞു.

ദീര്‍ഘവീക്ഷണമുള്ള നേതാവിന്റെ വിയോഗത്തില്‍ കമ്പനിയിലെ മുഴുവന്‍ ജീവനക്കാരും അഗാധമായി ദുഃഖിക്കുന്നതായി എം.എച്ച് എന്റര്‍പ്രൈസസ് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ മഹേഷ് ദക്ഷിണാമൂര്‍ത്തി പറഞ്ഞു. അദ്ദേഹം ജീവനക്കാരോട് വളരെ നന്നായി പെരുമാറി. തന്റെ വിജയത്തിന് എപ്പോഴും തന്റെ ടീമിന് നന്ദി പറഞ്ഞു. ഞങ്ങള്‍ അദ്ദേഹത്തെ വളരെയധികം മിസ്സ് ചെയ്യും – മഹേഷ് ദക്ഷിണാമൂര്‍ത്തി പറഞ്ഞു.
ഹേംചന്ദ് ഗാന്ധിജിക്ക് ദുബായിയോട് ആഴത്തിലുള്ള അടുപ്പമുണ്ടായിരുന്നു. ആറ് പതിറ്റാണ്ടിലേറെയായി താന്‍ താമസിച്ചിരുന്ന നഗരത്തില്‍ തന്നെ സംസ്‌കരിക്കണമെന്ന ആഗ്രഹം മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഭാര്യയോട് പറഞ്ഞിരുന്നു. മുംബൈയില്‍ വെച്ച് മാരകമായ ഹൃദയാഘാതം സംഭവിച്ചപ്പോള്‍, പിതാവിന്റെ ആഗ്രഹം നിറവേറ്റുന്നതില്‍ മകന്‍ മനീഷ് ഗാന്ധിക്ക് വലിയ വെല്ലുവിളി നേരിടേണ്ടിവന്നു.
സംസ്‌കാരത്തിനായി ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിന് സ്ഥിരമായ പ്രോട്ടോക്കോള്‍ ഉണ്ടായിരുന്നില്ല. ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, മുംബൈ പോലീസ്, യു.എ.ഇ, ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍, ദുബായ് പോലീസ്, ദുബായ് മുനിസിപ്പാലിറ്റി എന്നിവയുള്‍പ്പെടെ ഇരു രാജ്യങ്ങളിലെയും വ്യത്യസ്ത വകുപ്പുകളില്‍ നിന്ന് നിരവധി അനുമതികള്‍ ആവശ്യമായിരുന്നു.
എങ്കിലും നിരന്തരമായ പരിശ്രമത്തിലൂടെയും ഇരുവശത്തുമുള്ള ഉദ്യോഗസ്ഥരുടെ സഹകരണത്തിലൂടെയും രണ്ട് ദിവസത്തിനുള്ളില്‍ ആവശ്യമായ അനുമതികള്‍ ലഭിച്ചു. പതിറ്റാണ്ടുകളായി ഹേംചന്ദ് ഗാന്ധി നേടിയെടുത്ത ആദരവും അംഗീകാരവും ഇത് പ്രകടമാക്കുന്നു. അന്ത്യാഭിലാഷ പ്രകാരം ജബല്‍ അലിയിലെ ന്യൂ സോണാപൂര്‍ ശ്മശാനത്തില്‍ ഹേംചന്ദ് ഗാന്ധിയുടെ അന്ത്യകര്‍മങ്ങള്‍ നടത്തി.