അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മാനുഷിക, ധാര്‍മിക മൂല്യങ്ങള്‍ക്കും തെല്ലും വിലകല്‍പിക്കാത്ത, മനഃസാക്ഷി തൊട്ടുതീണ്ടിയിട്ടില്ലെന്ന് അനുദിനം തെളിയിച്ചുകൊണ്ടേയിരിക്കുന്ന ചോരക്കൊതി തീരാത്ത ഇസ്രായില്‍ സൈന്യത്തിന്റെ കിരാതവും പൈശാചികവുമായ ആക്രമണങ്ങളില്‍ ജീവന്‍ പൊലിഞ്ഞ വിദേശ വനിതകളുടെ പട്ടികയില്‍ അമേരിക്കന്‍, തുര്‍ക്കി ഇരട്ട പൗരത്വമുള്ള അയ്‌സെനുര്‍ ഈഗിയും ഇടംപിടിച്ചു.
ദശകങ്ങളായി നിരന്തരം കൊടിയ ആക്രമണങ്ങള്‍ക്കും അനീതികള്‍ക്കും ഇരകളായി നരകതുല്യമായ ജീവിതം നയിക്കുന്ന സാധാരണക്കാരായ ഫലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും സമാധാനപരമായി പ്രതിഷേധിക്കുകയും ചെയ്തു എന്ന കുറ്റത്തിനാണ് ഇവരെ ഇസ്രായില്‍ സൈന്യം കൊലപ്പെടുത്തിയത്.
ഖത്തര്‍ ചാനലായ അല്‍ജസീറയുടെ റിപ്പോര്‍ട്ടറായ അമേരിക്കന്‍ വംശജയായ ശിരീന്‍ അബൂഅഖ്‌ലയെ രണ്ടു വര്‍ഷം മുമ്പാണ് ഇസ്രായില്‍ സൈന്യം വകവരുത്തിയത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ശിരീന്‍ അബുഅഖ്‌ലയെ ഇസ്രായില്‍ സൈന്യം വെടിവെച്ചുകൊന്നത്. ജെനിന്‍ അഭയാര്‍ഥി ക്യാമ്പില്‍ കയറി ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണം തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ശിരീന്‍ അബൂഅഖ്‌ല ഇസ്രായില്‍ സൈനികരുടെ വെടിയേറ്റ് മരിച്ചുവീഴുകയായിരുന്നു.
ഇസ്രായില്‍ സൈന്യം ബുള്‍ഡോസര്‍ ഉപയോഗിച്ച് ചതച്ചരച്ച് കൊലപ്പെടുത്തിയ അമേരിക്കന്‍ യുവതി റെയ്ച്ചല്‍ കോറിയുടെ കേസാണ് സമീപ കാലത്ത് ഫലസ്തീനിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ലോകത്ത് ഏറ്റവുമധികം മാധ്യമശ്രദ്ധ ലഭിക്കുകയും ലോകഐക്യദാര്‍ഢ്യം നേടുകയും ചെയ്ത കേസ്. 2003 മാര്‍ച്ച് 16 ന് ഇസ്രായില്‍ സൈന്യത്തിന്റെ കൈകളാല്‍ വളരെ ദാരുണമായ രീതിയിലാണ് അമേരിക്കന്‍ യുവതി കൊല്ലപ്പെട്ടത്. ഗാസയുടെ തെക്ക് ഭാഗത്ത് റഫയില്‍ നിരായുധരും പ്രതിരോധിക്കാന്‍ കഴിയാത്തവരുമായ ഫലസ്തീനികളുടെ വീടുകള്‍ തകര്‍ക്കുന്നതിനും നശിപ്പിക്കുന്നതിനുമെതിരെ സമാധാനപരമായ രീതിയില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ റെയ്ച്ചല്‍ കോറി ശ്രമിക്കുകയായിരുന്നു. ഫലസ്തീനികളുടെ വീടുകള്‍ തകര്‍ക്കാന്‍ വന്ന ഇസ്രായിലി ബുള്‍ഡോസറുകളില്‍ ഒന്നിനു മുന്നില്‍ നില്‍ക്കാന്‍ കോറി തീരുമാനിച്ചു. ബുള്‍ഡോസര്‍ തിരിച്ചുവിടാന്‍ ശ്രമിച്ചായിരുന്നു ഇത്. എന്നാല്‍ ബുള്‍ഡോസര്‍ തനിക്കു മേല്‍ ഓടിച്ചുകയറ്റി ചതച്ചരച്ച് തന്നെ കൊലപ്പെടുത്തുമെന്നും ഒന്നും സംഭവിക്കാത്തതു പോലെ ഫലസ്തീനികളുടെ വീടുകള്‍ തകര്‍ക്കുന്നത് തുടരുമെന്നും റെയ്ച്ചല്‍ കോറിക്ക് അറിയില്ലായിരുന്നു.
ഇസ്രായിലി സൈന്യത്തിന്റെ വെടിയുണ്ടകളില്‍ നിന്നും മിസൈലുകളില്‍ നിന്നും കല്ലും മരങ്ങളും മനുഷ്യരും അടക്കം ആരും രക്ഷപ്പെടില്ല എന്ന വസ്തുതതായാണ് ശിരീന്‍ അബൂഅഖ്‌ലയുടെയും റെയ്ച്ചല്‍ കോറിയുടെയും അയ്‌സെനുര്‍ ഈഗിയുടെയും ഹീനവും പൈശാചികവുമായ കൊലപാതകങ്ങള്‍ ലോകത്തിനു മുന്നില്‍ വ്യക്തമാക്കുന്നത്. സാധാരണക്കാരോ പോരാളികളോ ആയ ഫലസ്തീനികള്‍ മാത്രമല്ല, തങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ അമേരിക്കയുടെ പൗരത്വമുള്ളവര്‍ പോലും ഇസ്രായില്‍ യുദ്ധയന്ത്രത്തിന്റെ ലക്ഷ്യമാണ്. അമേരിക്കന്‍ പൗരന്മാരാണ് എന്നത് ഇസ്രായിലിന് വിഷയമേ അല്ല.
ഫലസ്തീനികളോട് ഐക്യദാര്‍ഢ്യവും അനുകമ്പയും പ്രകടിപ്പിക്കുന്നവരെ കാത്തിരിക്കുന്നത് ഇസ്രായിലി സൈന്യത്തിന്റെ വെടിയുണ്ടകളും പീഡനങ്ങളുമാണെന്ന സന്ദേശമാണ് ഇസ്രായില്‍ ലോകത്തിന് നല്‍കുന്നത്. ഇസ്രായിലി സൈന്യത്തിന്റെയും ജൂതകുടിയേറ്റക്കാരുടെയും ആക്രമണങ്ങളില്‍ നിന്ന് ഫലസ്തീന്‍ കര്‍ഷകര്‍ക്ക് പിന്തുണയും സംരക്ഷണവും നല്‍കാനുള്ള ഫസ്അ കാമ്പയിനില്‍ പങ്കെടുക്കാനും സമാധാനപരമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും കഴിഞ്ഞ ബുധനാഴ്ചയാണ് അയ്‌സെനുര്‍ ഈഗി ഫലസ്തീനിലെത്തിയത്.
വെള്ളിയാഴ്ച ഇസ്രായില്‍ സൈന്യം ഇവരെ വെടിവെച്ചു കൊല്ലുകയും ചെയ്തു. എന്തു തന്നെ ചെയ്താലും ലോകത്ത് ആരും ചോദിക്കാന്‍ വരില്ലെന്നും ആരോടും കണക്കുപറയേണ്ടിവരില്ല എന്നുമുള്ള ഉറച്ച ബോധ്യവും അമേരിക്കയുടെ അന്ധമായ പിന്തുണയുമാണ് വംശഹത്യയും ഉന്മൂലനവും യുദ്ധക്കുറ്റങ്ങളും നിര്‍ബാധം തുടരാന്‍ ഇസ്രായിലിന് പ്രേരകമാകുന്നത്. പത്തു മാസമായി തുടരുന്ന ഗാസ യുദ്ധത്തില്‍ 41,000 ഓളം പേര്‍ കൊല്ലപ്പെടുകയും ഒരു ലക്ഷത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തകര്‍ന്നുതരിപ്പണമായ കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്ന ആയിരങ്ങള്‍ ഇവര്‍ക്കു പുറമെയാണ്.