കൊളംബോ- ശ്രീലങ്കന്‍ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് അനുര കുമാര ദിസനായകെ നയിക്കുന്ന ഇടത് സഖ്യത്തിന് ത്രസിപ്പിക്കുന്ന ജയം. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് 225 അംഗ പാർലമെന്റിൽ 157 സീറ്റുകൾ ദിസനായകെയുടെ നാഷനല്‍ പീപ്പിള്‍സ് പവര്‍ (എന്‍.പി.പി) നേടി. പ്രതിപക്ഷ സഖ്യമായ സമാഗി ജന ബാലവേഗയെ (എസ്.ജെ.ബി) നിഷ്പ്രഭമാക്കിയ പ്രകടനമാണ് എൻ.പി.പി നടത്തിയത്. തമിഴ് ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഇളങ്കൈ തമിള്‍ അരസു കച്ഛി ആറു സീറ്റുകളും, ന്യൂ ഡെമോക്രാറ്റിക് ഫ്രണ്ട് മൂന്നു സീറ്റുകളും, ശ്രീലങ്കപൊതുജന പെരമുന രണ്ടു സീറ്റുകളും നേടി.
വ്യാഴാഴ്ച നടന്ന വോട്ടെടുപ്പില്‍ 65 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബറില്‍ നടന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിനേക്കാള്‍ കുറവ് പോളിങ്ങാണ് ഇത്. പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ദിസനായകെയ്ക്ക് 42 ശതമാനം വോട്ടുകളാണ് നേടാനായത്.
ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായകെയുടെ ഇടതുപക്ഷ നയങ്ങൾക്കുള്ള വ്യാപകമായ പിന്തുണയാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. 22 ദശലക്ഷത്തിലധികം വരുന്ന ദക്ഷിണേഷ്യൻ രാഷ്ട്രമായ ശ്രീലങ്കയെ സാമ്പത്തിക തിരിച്ചടികളിൽനിന്ന് കരകയറ്റുന്നതിനുള്ള അദ്ദേഹത്തിൻ്റെ പദ്ധതികൾക്ക് കൂടിയുള്ള അംഗീകാരമായാണ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്. 1948 ൽ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷം, ശ്രീലങ്ക ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. തെക്കൻ നഗരമായ തമ്പുട്ടേഗമയിലെ ഒരു ചെറിയ കർഷക കുടുംബത്തിൽ നിന്നുള്ള ദിസനായകെ, ഫിസിക്കൽ സയൻസ് ബിരുദധാരിയാണ്.