കൊച്ചി- സംവിധായകനും നടനും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര. പാലേരി മാണിക്യത്തിൽ അഭിനയിക്കാൻ എത്തിയപ്പോഴാണ് മോശം അനുഭവം നേരിട്ടതെന്ന് ശ്രീലേഖ മിത്ര ആരോപിച്ചു. 2009-10 വർഷങ്ങളിലാണ് മോശം അനുഭവം നേരിട്ടത്. ഹോട്ടലിൽ വൈകിട്ട് സിനിമയുമായി ബന്ധപ്പെട്ട അണിയറ പ്രവർത്തകരുടെ ഒത്തുചേരലുണ്ടായിരുന്നു. അതിന് ശേഷം മുറിയിൽ വന്ന രഞ്ജിത്ത് മോശമായി പെരുമാറുകയായിരുന്നു. തന്റെ മുടിയിലും കഴുത്തിലും തൊട്ടുവെന്നും നടി ആരോപിച്ചു. പതിമൂന്നു വർഷം മുമ്പ് നടന്ന സംഭവം ഹേമ റിപ്പോർട്ടിന്റെ പശ്ചാതലത്തിലാണ് നടി ആരോപണമായി ഉന്നയിച്ചത്.
സംഭവം നടന്ന അന്നു രാത്രി ഏറെ ഭയത്തോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞതെന്നും പിന്നീട് തിരിച്ചുപോകാനുള്ള പണം പോലും ലഭിച്ചില്ലെന്നും നടി വ്യക്തമാക്കി. കൊച്ചിയിൽനിന്നുള്ള ക്ഷണം അനുസരിച്ചാണ് താൻ കേരളത്തിലെത്തിയത്. മമ്മൂട്ടിയോടൊപ്പം ഒരു മലയാള സിനിമയില്‍ അഭിനയിക്കാനായിരുന്നു വിളിച്ചത്. ആ സമയത്ത് ഞാന്‍ ചില വ്യക്തിപരമായ പ്രശ്‌നങ്ങളിലൂടെ കടന്നു പോവുകയായിരുന്നു. അതില്‍ നിന്നും പുറത്ത് കടക്കുക എന്നതും, മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക എന്നത് വലിയ കാര്യമായതിനാലും ഞാന്‍ തയ്യാറായി.
കൊച്ചിയിലെത്തിയ ഉടൻ രാവിലെ തന്നെ സംവിധായകനെ കണ്ടു. രാവിലെ ഫോട്ടോ ഷൂട്ടുണ്ടായിരുന്നു. വസ്ത്രത്തെക്കുറിച്ചും പ്രതിഫലത്തെക്കുറിച്ചും ഡേറ്റിനെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളും നടന്നിരുന്നു. ഇവിടെ നിന്നും കൊച്ചിയിലേക്കുള്ള ടിക്കറ്റും നല്ല താമസസൗകര്യവും ഒരുക്കിയിരുന്നു അവര്‍. വൈകുന്നേരം എന്നെ വീണ്ടും വിളിച്ചു. നിര്‍മ്മാതാവ് ഉള്‍പ്പടെയുള്ളവര്‍ വരുന്നതിനാല്‍ പരസ്പരം പരിചയപ്പെടാനാണ് വിളിച്ചത് എന്നാണ് പറഞ്ഞത്. ആ സമയത്ത് സംവിധായകന്‍ ഫോണിലൂടെ ഛായാഗ്രാഹകനുമായി സംസാരിക്കുകയായിരുന്നു. അദ്ദേഹത്തിനൊപ്പം ഞാന്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ആളാണെന്ന് സംവിധായകന്‍ പറഞ്ഞു. ഞാന്‍ അകത്തേക്ക് ചെന്നു. ബാല്‍ക്കണിയിലായിരുന്നു ഞങ്ങള്‍. ആദ്യം അദ്ദേഹം എന്റെ വളകളിലൂടെ കയ്യോടിച്ചു.
ചിലപ്പോള്‍ വളകള്‍ കണ്ട കൗതുകം കൊണ്ടാകാം എന്നാണ് ഞാന്‍ കരുതിയത്. ഇത് എവിടെ വരെ എത്തും എന്നറിയാനായി ഞാൻ ഒന്നും പറയാതെ നിന്നു. ഞാൻ അയാൾക്ക് സംശയത്തിന്റെ ആനുകൂല്യം നൽകുകയായിരുന്നു. ഞാന്‍ പ്രതിഷേധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ അയാള്‍ എന്റെ മുടിയില്‍ തലോടാന്‍ തുടങ്ങി. സ്പര്‍ശനം എന്റെ കഴുത്തിലേക്ക് നീണ്ടു. ഞാന്‍ പെട്ടെന്ന് ആ മുറിയില്‍ നിന്നിറങ്ങി. തുടക്കത്തില്‍ എന്നെ സിനിമയിലേക്ക് ക്ഷണിച്ചു കൊണ്ട് വിളിച്ച സഹസംവിധായകനെ വിളിച്ച് ഞാന്‍ ഈ സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞു. ടാക്‌സി വിളിച്ചാണ് ഹോട്ടലിലേക്ക് പോയത്.
ആ രാത്രി ഞാന്‍ ഒരിക്കലും മറക്കില്ല. അപരിചിതരായവര്‍ക്കിടയില്‍ ഞാന്‍ നേരിട്ട അനുഭവം എന്നെ ഭയപ്പെടുത്തി. എന്റെ ഹോട്ടല്‍ റൂമിന്റെ മാസ്റ്റര്‍ കീ ആരുടെയെങ്കിലും കയ്യിലുണ്ടോ എന്നും, ആരെങ്കിലും രാത്രി വന്ന് വാതിലില്‍ മുട്ടുമോ എന്നും ഞാന്‍ ഭയന്നു. ആ രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല. പിറ്റേന്ന് എന്നെ ആ സിനിമയിലേക്ക് വിളിച്ചയാളെ വിളിച്ച് ഞാന്‍ നടന്നതെല്ലാം പറഞ്ഞു. എനിക്ക് റിട്ടേണ്‍ ടിക്കറ്റ് വേണമെന്ന് പറഞ്ഞു. അവര്‍ പണമൊന്നും തന്നില്ല. സ്വന്തം ചെലവിലാണ് ഞാന്‍ തിരിച്ചു വന്നതെന്നും നടി ആരോപിച്ചു.
അതേസമയം, ആരോപണം രഞ്ജിത്ത് നിഷേധിച്ചു. ശ്രീലേഖ മിത്രയെ ഓഡിഷന് വിളിച്ചിരുന്നുവെന്ന് പറ്റിയ അവസരം ഇല്ലാത്തതിനാൽ പരിഗണിച്ചില്ലെന്നും രഞ്ജിത്ത് അറിയിച്ചു. നടിയുടെ ആരോപണം ശരിയാണെന്ന് ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫ് പറഞ്ഞു. അന്നു തന്നെ ഇക്കാര്യം നടി പങ്കുവെച്ചതായും അദ്ദേഹം പറഞ്ഞു.