കഴിഞ്ഞയാഴ്ച തെഹ്‌റാനില്‍ ഇസ്രായില്‍ നടത്തിയ അതിസൂക്ഷ്മവും കൃത്യവുമായ മിസൈല്‍ ആക്രമണത്തിലൂടെ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഇറാനിലെങ്ങും ഇസ്രായിലിന് ശക്തമായ ചാരശൃംഖലയും ഏജന്റുമാരുമുണ്ട് എന്ന കാര്യം പകല്‍പോലെ വ്യക്തമായിരിക്കുകയാണ്. ഇറാന്‍ സര്‍ക്കാര്‍, സുരക്ഷാ വകുപ്പുകളില്‍ ഇസ്രായിലി ചാരന്മാരും ഏജന്റുമാരും നുഴഞ്ഞുകയറിയിരിക്കുന്നു. ഇറാനില്‍ ഇതിനു മുമ്പും ഇസ്രായില്‍ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളും സ്ഥാപനങ്ങളും ലക്ഷ്യമിട്ട് പലതവണ അതീവ കൃത്യതോടെ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇസ്രായിലി സൈനിക മേധാവികളുടെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് സിറിയയിലും ലെബനോനിലും വെച്ച് അവരെ വകവരുത്തുന്നതിലും ഇസ്രായില്‍ നിരന്തരം വിജയിക്കുന്നു.
ഏറ്റവും മികച്ച ആണവ ശാസ്ത്രജ്ഞനായ മുഹ്‌സിന്‍ ഫഖ്‌രി സാദ അടക്കം ഇറാനില്‍ ഒരു ഡസനിലേറെ ആണവ ശാസ്ത്രജ്ഞരെയും സൈനിക നേതാക്കളെയും ഇസ്രായില്‍ വധിച്ചിട്ടുണ്ട്. 2020 ല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നിയന്ത്രിക്കുന്ന റോബോട്ട് ഉപയോഗിച്ചാണ് മുഹ്‌സിന്‍ ഫഖ്‌രി സാദയെ ഇസ്രായില്‍ വധിച്ചത്. ഇറാനിലെ സൈനിക, ആണവ കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങള്‍ക്കു പുറമെ, കഴിഞ്ഞ ഫെബ്രുവരിയില്‍ ഇറാനിലെ പശ്ചാത്തല സൗകര്യങ്ങള്‍ ഇസ്രായില്‍ അട്ടിമറിക്കുകയും ഗ്യാസ് പൈപ്പ്‌ലൈനുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.
ഇറാന്‍ ശാസ്ത്രജ്ഞരെ വധിക്കുകയും പ്രധാന സ്ഥാപനങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്ന മൊസാദില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരുടെ ശൃംഖല തകര്‍ത്ത് നശിപ്പിക്കുന്നതില്‍ ഇറാന്‍ വിജയിച്ചതായി ഹനിയ്യ വധത്തിന് നാലു ദിവസം മുമ്പ് ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി ഇസ്മായില്‍ അല്‍ഖതീബ് പറഞ്ഞു. ഇത് വെറും വീണ്‍വാക്ക് മാത്രമാണെന്ന് പുതിയ ഇറാന്‍ പ്രസിഡന്റ് അധികാരമേറ്റ ആദ്യ ദിവസം തന്നെ തെഹ്‌റാനില്‍ വെച്ച് ഇസ്മായില്‍ ഹനിയ്യയെ കൃത്യമായി വധിച്ചതിലൂടെ ഇസ്രായില്‍ തെളിയിച്ചു.
ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല നേതാക്കളുടെ എണ്ണത്തിനും കണക്കില്ല.
ഹമാസ് സ്ഥാപകന്‍ ശൈഖ് അഹ്മദ് യാസീനെ പ്രഭാത നമസ്‌കാരം നിര്‍വഹിച്ച് മസ്ജിദില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാറിനു നേരെ നടത്തിയ മിസൈല്‍ ആക്രമണത്തിലൂടെയാണ് ഇസ്രായില്‍ വധിച്ചത്. ശൈഖ് അഹ്മദ് യാസീന്‍ സഞ്ചരിച്ച കാറില്‍ സ്ഥാപിച്ച ചിപ്പ് ആണ് കൃത്യമായി ആക്രമണം നടത്താന്‍ ഇസ്രായില്‍ സൈന്യത്തെ സഹായിച്ചത്. ഗാസയിലെ പല വ്യോമാക്രമണങ്ങള്‍ക്കും ചാരവൃത്തിയിലൂടെ ലഭിക്കുന്ന വിവരങ്ങളാണ് ഇസ്രായില്‍ സൈന്യം അവലംബിക്കുന്നത്. കടുത്ത മാനസിക സമ്മര്‍ദങ്ങള്‍ ചെലുത്തിയാണ് രഹസ്യ വിവരങ്ങള്‍ നല്‍കാന്‍ ഫലസ്തീനികളെ ഇസ്രായിലി രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് റിക്രൂട്ട് ചെയ്യുന്നത്.
സദ്ദാം ഭരണകാലത്ത് ഇറാഖിന്റെ ആണവ പദ്ധതി തകര്‍ക്കാനും ഫ്രാന്‍സില്‍ നിന്ന് വാങ്ങിയ ആണവ റിയാക്ടര്‍ സമുദ്രത്തില്‍ വെച്ച് മുക്കാനും ഇസ്രായിലിനെ സഹായിച്ചത് ആണവ റിയാക്ടര്‍ ഇടപാടിന് സദ്ദാം ഹുസൈന്‍ നിയോഗിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി ബന്ധം സ്ഥാപിച്ച് മൊസാദ് ചാരസുന്ദരി ഫ്രാന്‍സില്‍ വെച്ച് ചോര്‍ത്തിയ വിവരങ്ങളായിരുന്നു. രഹസ്യങ്ങള്‍ ചോര്‍ത്താന്‍ മൊസാദ് മുഖ്യമായും അവലംബിക്കുന്നത് ചാരസുന്ദരികളെയാണ്. പല രാജ്യങ്ങളും ഈ രീതി അവലംബിക്കുന്നുണ്ട്.
ഇങ്ങിനെ ഇറാനില്‍ നുഴഞ്ഞുകയറി 100 ലേറെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ താല്‍ക്കാലിക വിവാഹം ചെയ്ത് അടുത്ത ബന്ധം സ്ഥാപിച്ച് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ ഇസ്രായില്‍ ചാരസുന്ദരിയാണ് കാദറീന്‍ പെരസ്-ഷെക്ദം. യെമനി പൗരനെ വിവാഹം ചെയ്ത മുസ്‌ലിം വനിത എന്നോണം ഫ്രഞ്ച് പാസ്‌പോര്‍ട്ടിലാണ് കാദറീന്‍ ഇറാനില്‍ പ്രവേശിച്ചത്. ഇറാനിലെ മതപുരോഹിതരില്‍ നിന്ന് ശിയാ വിശ്വാസം പഠിക്കാനെന്ന വ്യാജേനെയാണ് ഇവര്‍ രാജ്യത്തെത്തിയത്. ഇറാനിലെ സര്‍ക്കാര്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ചില ഇറാന്‍ നേതാക്കളുടെ അഴിമതികള്‍ കാദറീന്‍ പുറത്തുവിട്ടിരുന്നു. വൈകാതെ ഇറാന്‍ പരമോന്നത ആത്മീയ നേതാവുമായും റെവല്യൂഷനറി ഗാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും അടുപ്പം സ്ഥാപിക്കാനും മുന്‍ ഇറാന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താനും ഇവര്‍ക്ക് സാധിച്ചു.
താല്‍ക്കാലിക വിവാഹമെന്ന പേരില്‍ ശിയാക്കള്‍ക്കിടയില്‍ പ്രചുരപ്രചാരം നേടിയ വിവാഹത്തിലൂടെ 100 ലേറെ മുതിര്‍ന്ന ഇറാന്‍ നേതാക്കളെ താന്‍ കെണിയില്‍ വീഴ്ത്തിയതായി കാദറീന്‍ വെളിപ്പെടുത്തി. ഇറാനിലെ മതനേതാക്കളാണ് സുപ്രധാന വിവരങ്ങള്‍ ലഭിക്കുന്ന തന്റെ പ്രധാന ഉറവിടങ്ങളെന്ന് കാദറീന്‍ പറഞ്ഞു. ഇവരില്‍ ഭൂരിഭാഗവും തെഹ്‌റാനില്‍ ഉന്നത സര്‍ക്കാര്‍ തസ്തികകള്‍ വഹിക്കുന്നവരായിരുന്നു.
മതകാര്യങ്ങളെ കുറിച്ച് കൂടുതല്‍ അറിയാനുള്ള തന്റെ താല്‍പര്യമാണ് ഇറാന്‍ ഗവണ്‍മെന്റിലെ പുരോഹിതരുമായി ബന്ധപ്പെടാനുള്ള വഴിയൊരുക്കിയത്. അപ്പോയിന്റ്‌മെന്റ് നിര്‍ണയിച്ച് മതപുരോഹിതരുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ താല്‍ക്കാലിക വിവാഹബന്ധത്തിലേര്‍പ്പെടാനുള്ള താല്‍പര്യം താന്‍ പ്രകടിപ്പിക്കുകയായിരുന്നു. ഇറാന്‍ പാര്‍ലമെന്റിന്റെ രഹസ്യ യോഗത്തില്‍ നടന്ന മുഴുവന്‍ ചര്‍ച്ചകളെയും കുറിച്ചും രാജ്യത്തിന്റെ രഹസ്യങ്ങളും ഒരു പാര്‍ലമെന്റ് അംഗം ലൈംഗിക ചേഷ്ഠകള്‍ക്കിടെ സ്വമേധയാ തനിക്കു മുന്നില്‍ വെളിപ്പെടുത്തുകയായിരുന്നെന്നും കാദറീന്‍ പറഞ്ഞു.