അലിയൻസ് അരീന(ജർമ്മനി)- അതിശയം, അതിമനോഹരം, ഗംഭീരം. യൂറോ കപ്പ് ഫുട്ബോൾ സെമി ഫൈനലിന്റെ ഇരുപത്തിയൊന്നാമത്തെ മിനിറ്റിനെ ലോക ഫുട്ബോൾ രേഖപ്പെടുത്തുന്നത് ഈ വാക്കുകൾ കൊണ്ടായിരിക്കും. ലമീൻ യമാലിന്റെ ഇടതുകാലിൽനിന്ന് പറന്ന പന്ത് ഫ്രാൻസിന്റെ ഗോൾ പോസ്റ്റിന്റെ വലതുഭാഗത്ത് തട്ടി വലയിലേക്കിറങ്ങിയ സുന്ദര നിമിഷത്തെ രേഖപ്പെടുത്താൻ മറ്റൊരു വാക്കുമില്ല. യമാലിന്റെ കാലിൽനിന്ന് പന്ത് അപകടകരമായ കോർണ്ണറിലേക്ക് പറന്നുതുടങ്ങുമ്പോൾ തന്നെ ഫ്രാൻസ് ഗോൾ കീപ്പർ മൈക്ക് മഗ്നാൻ പന്ത് ലക്ഷ്യമാക്കി പാറിയിരുന്നെങ്കിലും സ്പെയിൻ താരനിര ഗോളാഘോഷം തുടങ്ങിയിരുന്നു. ഈ യൂറോ കപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ യമാലിന്റെ മഴവില്ലഴകുള്ള ഗോൾ. ഒരു ഗോളിന് പിറകിൽനിന്ന ഘട്ടത്തിലാണ് യമാലിന്റെ സമനില ഗോൾ പിറന്നത്. ഈ യൂറോ കപ്പിൽ പിറവിയെടുത്ത അതിമനോഹര ഗോളുകളിലൊന്നായിരുന്നു ഇത്. അതോടൊപ്പം യൂറോ കപ്പിന്റെ ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും യമാൽ അടയാളപ്പെടുത്തപ്പെട്ടു.
ഇന്നത്തെ യൂറോ കപ്പ് സെമിയിൽ ഫ്രാൻസിന്റേത് പെർഫെക്ട് സ്റ്റാർട്ട് ആയിരുന്നെങ്കിൽ സ്പെയിനിന്റേത് പെർഫെക്ട് ഫിനിഷ് ആയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളിന്റെ ജയം.
ആദ്യ ഗോൾ വീണതിന്റെ പതർച്ചയിൽ ഫ്രാൻസ് നിൽക്കവെയാണ് അവരുടെ വലയിലേക്ക് രണ്ടാമത്തെ പന്തും എത്തിയത്. വലതുവശത്തുനിന്ന് ലഭിച്ച പന്ത് നവാസ്, ഡാനി ഓൾമ്മക്ക് കൈമാറുന്നു. പന്ത് അവസാനിക്കുന്നത് ഗോളിലായിരുന്നു. തുടക്കത്തിൽ സെൽഫ് ഗോളായി ഇത് പരിഗണിച്ചെങ്കിലും ഓൾമോയുടെ ഷോട്ട് ലക്ഷ്യത്തിലെത്തുമെന്ന് ഉറപ്പായതിനാൽ സെൽഫ് ഗോൾ തീരുമാനം മാറ്റി.
മത്സരത്തിന്റെ ഒൻപതാമത്തെ മിനിറ്റിൽ ഫ്രാൻസാണ് ഗോൾ വേട്ടക്ക് തുടക്കം കുറിച്ചത്. ഡെംബലെയിൽനിന്ന് ലഭിച്ച ക്രോസ് ഹെഡറിലൂടെ കോലോ മുവാനി ഗോളാക്കി.
പതിനെട്ടാമത്തെ മിനിറ്റിൽ മധ്യനിരയിൽ നിന്ന് ലഭിച്ച പന്തുമായി എംബാപ്പെ വലിയ കുതിപ്പ് നടത്തി. മൈതാനത്തിന്റെ ഇടതുവശത്തിലൂടെ നടത്തിയ കുതിപ്പ് സ്പെയിനിന്റെ ബോക്സിലെത്തി. പോസ്റ്റിന്റെ വലതുമൂലയിലേക്ക് എംബാപ്പെ തൊടുത്തുവിട്ട ഷോട്ട് സ്പെയിനിന്റെ പ്രതിരോധനിര താരത്തിന്റെ കാലിൽ തട്ടി പുറത്തുപോയി. നാൽപ്പതാമത്തെ മിനിറ്റിൽ യമാൽ നടത്തിയ മുന്നേറ്റം ഗോളെന്നുറപ്പിച്ചെങ്കിലും അത് ഫ്രാൻസ് താരത്തിന്റെ പ്രതിരോധത്തിൽ തട്ടി തകർന്നു.
ആദ്യപകുതിയിൽനിന്ന് വ്യത്യസ്തമായി രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണം അഴിച്ചുവിടുന്ന കളിയാണ് ഫ്രാൻസ് കാഴ്ചവെച്ചത്. അതേസമയം സ്പെയിനും ശക്തമായ പ്രതിരോധം കാഴ്ച്ചവെച്ചു. പ്രതിരോധത്തിനൊപ്പം ആക്രമണം കൂടി സ്പെയിൻ തെരഞ്ഞെടുത്തതോടെ മത്സരം കടുത്തു. മത്സരം തീരാൻ ഏതാനും നിമിഷം മാത്രമുള്ളപ്പോൾ തനിക്ക് കിട്ടിയ സുവർണാവസരം കിലിയൻ എംബാപ്പെ പാഴാക്കി. ബോക്സിന്റെ ഏറ്റവും അപകടകരമായ മൂലയിൽ നിന്ന് ലഭിച്ച പന്ത് എംബാപ്പെ ഉയർത്തി അടിച്ചു കളഞ്ഞു.
തൊണ്ണൂറാമത്തെ മിനിറ്റിൽ സ്പെയിനിന് ലഭിച്ച അവസരം ഫ്രാൻസിന്റെ കുന്റേ തടുത്തു. എക്സ്ട്രാ ടൈമായി ലഭിച്ച അഞ്ചു മിനിറ്റിലും ഫ്രാൻസ് കുതിച്ചോട്ടം നടത്തിയെങ്കിലും വിജയം കൂടെ എത്തിയില്ല. അവസാന വിസിൽ മുഴങ്ങിയതോടെ ഫ്രാൻസ് സ്വന്തം നാട്ടിലേക്കും സ്പെയിൻ ഫൈനലിലേക്കും യാത്ര തിരിച്ചു.