ഗുരുഗ്രാം– ഹരിയാനയിൽ 20 രൂപ നൽകാൻ വിസമ്മതിച്ചതിന് അമ്മയെ കൊലപ്പെടുത്തി മകൻ. ഹരിയാനയിലെ നൂഹ് ജില്ലയിലുള്ള ജയ്സിങ്പുർ ഗ്രാമത്തിലാണ് അമ്മയെ കോടാലി കൊണ്ട് മകൻ വെട്ടിക്കൊലപ്പെടുത്തിയത്. അറുപത്തിയഞ്ചുകാരിയായ റസിയ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ ജംഷദിനെ (20) പോലീസ് അറസ്റ്റ് ചെയ്തു.
ലഹരിക്ക് അടിമയായ ജംഷദ് ശനിയാഴ്ച രാത്രി റസിയയോട് 20 രൂപ ആവശ്യപ്പെട്ടപ്പോൾ പണം നൽകാൻ അവർ വിസമ്മതിച്ചു. റസിയ ഉറങ്ങിയതിനുശേഷം ജംഷദ് പണം മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും അവർ ഉണർന്നതോടെ നടന്നില്ല. ഇതിൽ പ്രകോപിതനായ ജംഷദ് ആദ്യം കല്ലുകൊണ്ട് റസിയയെ ആക്രമിച്ചു. ഇടിയേറ്റ് കട്ടിലിലേക്ക് വീണ റസിയ നിലവിളിച്ചതോടെ മറ്റ് കുടുംബാംഗങ്ങൾ ഉണരുകയും ഇവരുടെ മരുമകൾ റസിയയെ രക്ഷിക്കാനെത്തുകയും ചെയ്തു. ഇവരെയും ജംഷദ് ആക്രമിച്ചു. തുടർന്നാണ് കോടാലിയെടുത്ത് റസിയയെ വെട്ടിയത്. റസിയ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇതിനുശേഷം മൃതദേഹത്തിനരികിൽ തന്നെ കിടന്ന് ജംഷദ് ഉറങ്ങി.
ജംഷദ് ഏറെക്കാലമായി മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് പറഞ്ഞു. റസിയയുടെ ഭർത്താവ് നാലു മാസം മുമ്പാണ് മരിച്ചത്. റസിയയുടെ നാല് ആൺമക്കളിൽ ഇളയവനാണ് ജംഷദ്.