കൊച്ചി- പൃഥിരാജ് സംവിധാനം ചെയ്ത് മോഹൻ ലാൽ പ്രധാന വേഷത്തിൽ അഭിനയിച്ച എമ്പുരാൻ സിനിമയിൽ പതിനേഴിലധികം ഭാഗങ്ങൾ ഒഴിവാക്കി. ചിത്രത്തിന്റെ എഡിറ്റ് ചെയ്ത പതിപ്പായിരിക്കും അടുത്ത ആഴ്ച മുതൽ തിയറ്ററുകളിൽ എത്തുക. സ്ത്രീകള്‍ക്കെതിരായ അക്രമവും കലാപത്തിലെ ചില രംഗങ്ങളുമാണ് നിര്‍മാതാക്കള്‍ ഒഴിവാക്കിയത്. നിർമ്മാതാക്കൾ സ്വയം മോഡിഫിക്കേഷന്‍ നടത്തിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡ് പരിഗണിക്കുകയാണ്. ചിത്രത്തില്‍നിന്നും പത്ത് സെക്കന്‍റ് മാത്രമാണ് ആദ്യപതിപ്പില്‍ സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. സ്ത്രീകള്‍ക്കെതിരായ അക്രമവും ദേശീയപതാകയെ സംബന്ധിക്കുന്നതുമായി ചില ഭാഗങ്ങളായിരുന്നു ഇത്.
ഗുജറാത്ത് കലാപത്തെ പരാമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ക്കെതിരെ ബി.ജെ.പി കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡിലെ ആർ.എസ്.എസ് നോമിനികള്‍ക്ക് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചുവെന്നായിരുന്നു ആരോപണം. തപസ്യ ജനറൽ സെക്രട്ടറി ജി.എം. മഹേഷ് ഉൾപ്പെടെ നാല് പേർ സെൻസർ ബോർഡ് കമ്മിറ്റിയിലുണ്ട്.
അതിനിടെ പൃഥിരാജിനെതിരെ വീണ്ടും ആരോപണം കടുപ്പിച്ചിരിക്കുകയായാണ് ആർ.എസ്.എസ്. പൃഥ്വിരാജിന്റെ ഹിന്ദുവിരുദ്ധ രാഷ്ട്രീയ അജണ്ടയാണ് എമ്പുരാൻ എന്ന് ആർ.എസ്.എസ് ആരോപിച്ചു.
വിവാദങ്ങൾക്കിടയിലും എമ്പുരാൻ വലിയ കലക്ഷൻ നേടിയാണ് കുതിപ്പ് തുടരുന്നത്. റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ ചിത്രം 100 കോടി കലക്ഷന്‍ നേടി. മോഹന്‍ലാല്‍ തന്നെയാണ് ചിത്രം 100 കോടി ക്ലബ്ബിലെത്തിയ കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ആഗോള തലത്തിൽ ആദ്യദിനം ഏറ്റവുമധികം കലക്‌ഷൻ നേടുന്ന മലയാള ചിത്രവും എമ്പുരാനാണ്.