മൊഗദീഷു – സൊമാലിലാന്‍ഡില്‍ സൈനിക താവളങ്ങള്‍ സ്ഥാപിക്കാന്‍ ഇസ്രായില്‍ ലക്ഷ്യമിടുന്നതായും ഇത് രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും സൊമാലിയന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ദാവൂദ് ഉവൈസ്. സൊമാലിലാന്‍ഡിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച ഇസ്രായിലിന്റെ നടപടി പ്രാദേശിക സുരക്ഷയെ ദുര്‍ബലപ്പെടുത്തുമെന്നും ദാവൂദ് ഉവൈസ് വ്യക്തമാക്കി. സൊമാലിലാന്‍ഡില്‍ ഇസ്രായില്‍ നടത്തുന്ന ഇത്തരം നീക്കങ്ങളോ കുടിയേറ്റ പ്രവര്‍ത്തനങ്ങളോ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, വിഷയം യുഎന്‍ രക്ഷാസമിതിയുടെ മുന്നിലെത്തുമെന്നും സൊമാലിലാന്‍ഡുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും അറിയിച്ചു.
ഇസ്രായിലിന്റെ നടപടി ആക്രമണാത്മകവും പ്രകോപനപരവുമാണെന്നും രാജ്യത്തിന്റെ അവിഭാജ്യ ഘടകമായ സൊമാലിലാന്‍ഡിനുള്ള അംഗീകാരം പിന്‍വലിക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടതായും വിദേശകാര്യമന്ത്രി അബ്ദിസലാം അബ്ദി അലി പറഞ്ഞു. സമാധാനപരമായ നയതന്ത്ര നീക്കങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സൊമാലിയ പ്രതിജ്ഞാബദ്ധമാണെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ മാനിക്കാന്‍ എല്ലാ കക്ഷികളും തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച സൊമാലിയന്‍ പ്രസിഡന്റ് ഹസന്‍ ശൈഖ് മുഹമ്മദ്, സൊമാലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരമാധികാര ലംഘനമാണ് ഇതെന്നും പാര്‍ലമെന്റിന്റെ അസാധാരണ സെഷനില്‍ തുറന്നടിച്ചു.



