അടുത്തവർഷം തമിഴ്‌നാട്ടിലെ മധുരയിൽ 24-ാം പാർട്ടി കോൺഗ്രസിന് കൊടി ഉയരാനിരിക്കെയാണ് സി.പി.എമ്മിന് പടനായകനെ നഷ്ടമായത്. ഇത് സി.പി.എമ്മിനോ ഇടതുപക്ഷത്തിനോ മാത്രമല്ല, പ്രതിപക്ഷ നേതൃനിരയിൽ തന്നെയും അടുത്ത കാലത്തൊന്നും നികത്താനാവില്ലെന്നും തീർച്ച. കാരണം, നേതാക്കളും ആൾക്കൂട്ടവും മാത്രമായിട്ടു കാര്യമില്ല, കൃത്യമായ ഗൃഹപാഠങ്ങളിലൂടെ, യെച്ചൂരി ഇത്രയും നാൾ വെട്ടിയ ദുർഘട വഴികളുടെ ആഴവും ദൂരവും മനസ്സിലാവണം. അത്തരം തിരിച്ചറിവുള്ള നേതാക്കളെ കണ്ടെത്താൻ യെച്ചൂരിയുടെ വിടവിലെങ്കിലും ആ പാർട്ടിക്കും നേതൃത്വത്തിനും സാധിക്കുമോ എന്നത് കാലം തെളിയിക്കുമായിരിക്കും.
കൊച്ചി: അന്തരിച്ച സി.പി.എം നേതാവ് സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ പ്രതികരിച്ച് നടൻ മമ്മൂട്ടി. തന്റെ ദീർഘകാല സുഹൃത്തായ യെച്ചൂരിയുടെ വിയോഗവാർത്ത ഏറെ വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സമർത്ഥനായ രാഷ്ട്രീയ നേതാവ്, അതിശയിപ്പിച്ച മനുഷ്യൻ, തന്നെ ഏറ്റവും അടുത്ത് മനസിലാക്കിയ സുഹൃത്ത്, ഇതൊക്കെയായിരുന്നു സീതാറാം യെച്ചൂരി. അദ്ദേഹത്തെ ഒരിക്കലും മറക്കാനാവില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി.
യെച്ചൂരിയുടേത് പ്രായോഗിക രാഷ്ട്രീയ സമീപനം; കോൺഗ്രസ് നേതാക്കളുമായി ഊഷ്മള ബന്ധം സൂക്ഷിച്ച നേതാവെന്നും വി.ഡി സതീശൻ
വ്യക്തതയുള്ള നിലപാടുകളുമായി പ്രത്യയ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ അടിയുറച്ച് നിൽക്കുമ്പോഴും പ്രായോഗികതയുള്ള രാഷ്ട്രീയ സമീപനമായിരുന്നു സീതാറാം യെച്ചൂരിയുടേതെന്ന് കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അഭിപ്രായപ്പെട്ടു. സൈദ്ധാന്തിക കടുംപിടുത്തങ്ങൾക്കപ്പുറം രാഷ്ട്രീയത്തിലെ പ്രായോഗികതയ്ക്ക് മുൻതൂക്കം നൽകിയ നേതാവാണ് യെച്ചൂരി.
ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടാതെയും ഇന്ത്യ എന്ന ആശയത്തെ നിലനിർത്തിയും മാത്രമേ രാജ്യത്തിന് മുന്നോട്ട് പോകാനാകൂവെന്ന് യെച്ചൂരി അടിയുറച്ച് വിശ്വസിച്ചു. അതിൽ കോൺഗ്രസിന്റെ നേതൃപരമായ പങ്കിനെ കുറിച്ച് യെച്ചൂരിക്ക് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. കൃത്യമായും വ്യക്തമായും ആ രാഷ്ട്രീയ സമീപനം യെച്ചൂരി തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരിക്കുമ്പോഴും നിലപാടിലെ കാർക്കശ്യം അദ്ദേഹം തുടർച്ചയായി ബോധ്യപ്പെടുത്തികൊണ്ടിരുന്നു.
ഹർകിഷൻ സിംഗ് സുർജിത്തിന് ശേഷം രാജ്യം വലിയ തോതിൽ ശ്രദ്ധിച്ച സി.പി.എം ജനറൽ സെക്രട്ടറി കൂടിയായിരുന്നു സീതാറാം യെച്ചൂരി.
ഒപ്പം കോൺഗ്രസ് ദേശീയ നേതൃത്വവുമായി ഊഷ്മള ബന്ധം കാത്ത് സൂക്ഷിച്ച നേതാവാണ് യെച്ചൂരി. ഇന്ത്യ മുന്നണിയുടെ രൂപീകരണത്തിലും യെച്ചൂരിയുടെ കയ്യൊപ്പുണ്ട്. എനിക്ക് വ്യക്തിപരമായി അടുത്ത് പരിചയമുള്ള നേതാവ് കൂടിയാണ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും അദ്ദേഹം അനുശോചന സന്ദേശത്തിൽ അറിയിച്ചു.
മതനിരപേക്ഷതയുടെയും ബഹുസ്വരതയുടെയും പ്രാധാന്യം വരച്ചുകാട്ടിയ ഫാസിസ്റ്റ് വിരുദ്ധ പോരാളി -ജോൺ ബ്രിട്ടാസ് എം.പി
ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാനുള്ള ശ്രമത്തിനെതിരായ ഏറ്റവും പ്രധാനപ്പെട്ട കുന്തമുന യെച്ചൂരിയായിരുന്നുവെന്ന് സി.പി.എം നേതാവും മുതിർന്ന മാധ്യമപ്രവർത്തകനും രാജ്യസഭാ എം.പിയുമായ ജോൺ ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. യെച്ചൂരി മുന്നോട്ടു വെച്ച നിലപാടും കാഴ്ചപ്പാടുമാണ് യഥാർത്ഥത്തിൽ മതനിരപേക്ഷ കക്ഷികൾക്ക് വലിയ രൂപത്തിൽ പ്രചോദനമായി മാറിയത്.
2005 മുതൽ യെച്ചൂരി പാർലമെന്റിൽ നടത്തിയ പ്രസംഗങ്ങൾ ബി.ജെ.പി എന്ന ഫാസിസ്റ്റ് പാർട്ടിയെ പ്രതിരോധിക്കണമെന്ന് ചിന്തിക്കുന്നവരെയെല്ലാം ഉത്തേജിപ്പിച്ചവയാണ്. മതനിരപേക്ഷതയ്ക്കും ബഹുസ്വരതക്കും എത്രകണ്ട് പ്രാധാന്യമാണ് ഇന്ത്യയിലുള്ളതെന്ന് വരച്ചുകാട്ടിയ നേതാവാണ് അദ്ദേഹം. ആർ.എസ്.എസിനെ പ്രതിരോധിക്കുന്നതിനു വേണ്ടി സാംസ്‌കാരികമായിട്ടുള്ള അടിത്തറ വേണമെന്ന് നിഷ്‌കർഷിക്കുകയും ആർ.എസ്.എസിനെതിരെയുള്ള പ്രതിരോധത്തിന് ഏറ്റവും പ്രധാനപ്പെട്ട പടച്ചട്ടയായിട്ട് മാറുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗം കേവലം ഇടതുപക്ഷത്തിന്റെ മാത്രം നഷ്ടമല്ല. ബഹുസ്വരതയും മതനിരപേക്ഷതയുമുള്ള ഒരു ഇന്ത്യ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയുടെയും തീരാനഷ്ടമാണെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ ഇന്ത്യ ഈ വിടവ് എങ്ങനെ നികത്തും?
പുതിയ കാലത്തെ, ഇടതുരാഷ്ട്രീയത്തിന്റെ ദേശീയ ദൗത്യം തിരിച്ചറിഞ്ഞ് രാജ്യത്ത് ഫാസിസ്റ്റ് വിരുദ്ധ ഐക്യനിര യാഥാർത്ഥ്യമാക്കുന്നതിൽ ദീർഘവീക്ഷണത്തോടെ ഇടപെട്ട പ്രതിഭാശാലിയായ രാഷ്ട്രീയ നേതാവ് കൂടിയായിരുന്നു യെച്ചൂരി. ബി.ജെ.പി ഇതര പാർട്ടികളെ ഒരേ ചരടിൽ കോർത്ത് ഇന്ത്യാ മുന്നണി സാക്ഷാത്കരിക്കാൻ യെച്ചൂരി നടത്തിയ വിവേകപൂർവ്വമായ ഇടപെടൽ ചരിത്രത്തിൽ എക്കാലവും സ്മരിക്കപ്പെടും.
ഏത് കൊലകൊമ്പനോടും ഒരു നോട്‌സിന്റെയും ആവശ്യമില്ലാതെ മുഖാമുഖം സംവദിക്കാനുള്ള രാഷ്ട്രീയ ധിഷണയും അദ്ദേഹം തെളിയിച്ചതാണ്. ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥയിലെ വേട്ട മുതൽ നരേന്ദ്ര മോഡി സർക്കാറിന്റെ ഹിന്ദുത്വ നയനിലപാടുകൾക്കെതിരെയുള്ള സന്ധിയില്ലാത്ത പോരാട്ടങ്ങൾ വരെ അതിനു സാക്ഷി.
ഏതൊരു പൗരനും വലുപ്പ ചെറുപ്പമില്ലാതെ ഒരുപോലെ തന്നെ സമീപിക്കാനും അവിടെ അനാവശ്യ കെട്ടിക്കുടുക്കുകളുണ്ടായിരുന്നില്ല. സമ്പന്ന കുടുംബത്തിൽനിന്ന് പാർട്ടിയിലെത്തി, ഇല്ലായ്മയും വല്ലായ്മയും അനുഭവിക്കുന്ന എല്ലാ മനുഷ്യരുടെയും ജീവത്പ്രശ്‌നങ്ങളെ കൃത്യമായി തിരിച്ചറിയാനും അത് അധികാര കേന്ദ്രങ്ങളിൽ എത്താക്കാനും പരിഹരിക്കാനും വിശ്രമമില്ലാത്ത പോർമുഖം തുറക്കാനും ആ മനുഷ്യൻ മറന്നില്ല. അങ്ങനെ പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും പുറമെ, ബുദ്ധിജീവികൾ, സാധാരണക്കാർ, വിദ്യാർത്ഥികൾ, സ്ത്രീകൾ, പാർശ്വവത്കരിക്കപ്പെട്ട മറ്റു വിഭാഗങ്ങൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും അവരുടെയെല്ലാം വികാരങ്ങൾ നെഞ്ചേറ്റുന്ന ഒരു നേതാവിനെയാണ് യെച്ചൂരിയുടെ വേർപാടിലൂടെ രാഷ്ട്രീയ ഇന്ത്യക്ക് നഷ്ടമായത്.
എതിർ ചേരിയിലായിരുന്നിട്ടും യെച്ചൂരിയെ രാജ്യസഭയിൽ സ്വന്തം ടിക്കറ്റിൽ എത്തിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം വിശാല നിലപാട് സ്വീകരിക്കാൻ മാത്രം തയ്യാറായെങ്കിൽ യെച്ചൂരിയെന്ന വലിയൊരു രാഷ്ട്രീയക്കാരന്റെ വ്യക്തിത്വത്തിനുള്ള അംഗീകാരം കൂടിയാണത്. യെച്ചൂരിയും അദ്ദേഹത്തിന്റെ പാർട്ടിയും പ്രസ്തുത ഓഫർ നിരസിച്ചെങ്കിലും അദ്ദേഹത്തിന്റെ നിലപാടുകളുടെ തെളിച്ചം ഇന്ദ്രപ്രസ്ഥത്തിൽ പിന്നീടും ചെറുതല്ലാത്ത സ്വാധീനമാണ് ചെലുത്തിയത്. ഒരുവേള ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജെയ്റ്റ്‌ലി അടക്കമുള്ള നേതാക്കൾ യെച്ചൂരി സഭയിൽ ഉണ്ടാവേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിച്ചത് അദ്ദേഹത്തിന്റെ പാർല്ലമെന്ററി ഇടപെടലിലെ മതിപ്പാണ് വ്യക്തമാക്കുന്നത്.
പാർല്ലമെന്റിലെ അംഗങ്ങളുടെ എണ്ണത്തിൽ കാര്യമായ നേട്ടമുണ്ടാക്കാൻ സി.പി.എമ്മിനായില്ലെങ്കിലും ദേശീയ തലത്തിൽ അതിനും പതിന്മടങ്ങ് പരിഗണനയും പ്രാധാന്യവും പാർട്ടിക്കു കിട്ടിയത് യെച്ചൂരിയുടെ സമർത്ഥമായ നയതന്ത്രം കൊണ്ടായിരുന്നു. പക്ഷേ, അപ്പോഴും യെച്ചൂരി ഉയർത്തിയ ഇടതു രാഷ്ട്രീയത്തിന്റെ ശരിയായ ഭൂമിക, അന്ധമായ കക്ഷിരാഷ്ട്രീയ വിരോധം മൂലം അദ്ദേഹത്തിന്റെ പാർട്ടിയിലെ കേരള ഘടകത്തിലെ ബഹുഭൂരിപക്ഷത്തിനും വേണ്ടവിധം തിരിച്ചറിയാൻ സാധിച്ചിരുന്നില്ല എന്നതും സത്യം.
ഭരണപക്ഷത്തും പ്രതിപക്ഷത്തും ഏറെ മതിപ്പുള്ള വിശ്വസ്തനും ഊർജസ്വലനുമായ ഒരു രാഷ്ട്രീയ പോരാളിയെ ജീവിതത്തിന്റെ അവസാനം വരെയും യെച്ചൂരിയിൽ തെളിഞ്ഞു കാണാമായിരുന്നു. സി.പി.എമ്മിന്റെ പല നയവൈകല്യങ്ങളോടും വിയോജിപ്പുള്ളവരും യെച്ചൂരിയിലെ രാഷ്ട്രീയ പാകതയെ ഏറെ ബഹുമാനിച്ചിരുന്നു. തിരിച്ച് യെച്ചൂരിയും രാഷ്ട്രീയ പക്വതയോട് കൂടി മാത്രമാണ് ഏത് വിഷയത്തിലും തുറന്ന നിലപാടുകൾ വ്യക്തമാക്കിയിരുന്നത്. പാർട്ടിയുടെ കുത്തകയായിരുന്ന പശ്ചിമ ബംഗാളിന് പിന്നാലെ ത്രിപുരയും സി.പി.എമ്മിനെ കൈവിട്ടപ്പോൾ, കോൺഗ്രസുമായുള്ള വിശാല സഖ്യ സാധ്യത അടക്കം ഉപയോഗിച്ച് ബിഹാറിലും അസമിലും സി.പി.എമ്മിന് അക്കൗണ്ട് തുറക്കാനും കൂടുതൽ സ്വീകാര്യത നേടിക്കൊടുക്കാനും സാധിച്ചു. ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ കേരളത്തിലും ബംഗാളിലും ത്രിപുരയിലും കനത്ത തോൽവി രുചിച്ചപ്പോഴും രാജസ്ഥാനിലാദ്യമായി ഒരു സി.പി.എം പ്രതിനിധിയെ ജയിപ്പിക്കാനായി.
ചെറു പാർട്ടിയെങ്കിലും വലിയ പാർട്ടി നേതാക്കൾക്കു പോലും കിട്ടാത്തത്ര പിന്തുണയും സ്വീകാര്യതയും യെച്ചൂരിയുടെ വാക്കുകൾക്കും ഇടപെടലുകൾക്കും പലപ്പോഴും ലഭിച്ചിട്ടുണ്ട്. എന്തായാലും, ദേശീയ രാഷ്ട്രീയത്തിൽ ഇന്ത്യ മുന്നണി അതിന്റെ അടുത്ത വലിയൊരു കുതിപ്പിനുള്ള ചുവടുകൾക്കിടെയാണ് യെച്ചൂരിയെ നഷ്ടമായത് എന്നത് രാജ്യത്തിന്റെ മതനിരപേക്ഷ പൈതൃകം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരെയും ഒരുപോലെ വേദനിപ്പിക്കുന്നതാണ്. അടുത്തവർഷം തമിഴ്‌നാട്ടിലെ മധുരയിൽ 24-ാം പാർട്ടി കോൺഗ്രസിന് കൊടി ഉയരാനിരിക്കെയാണ് സി.പി.എമ്മിന് വലിയൊരു പടനായകനെ നഷ്ടമായത്. ഇത് സി.പി.എമ്മിനോ ഇടതുപക്ഷത്തിനോ മാത്രമല്ല, പ്രതിപക്ഷ നേതൃനിരയിൽ തന്നെയും അടുത്ത കാലത്തൊന്നും നികത്താനാവില്ലെന്നും തീർച്ച. കാരണം, നേതാക്കളും ആൾക്കൂട്ടവും മാത്രമായിട്ടു കാര്യമില്ല, കൃത്യമായ ഗൃഹപാഠങ്ങളിലൂടെ, യെച്ചൂരി ഇത്രയും നാൾ വെട്ടിയ ദുർഘട വഴികളുടെ ആഴവും ദൂരവും മനസ്സിലാവണം. അത്തരം തിരിച്ചറിവുള്ള നേതാക്കളെ കണ്ടെത്താൻ യെച്ചൂരിയുടെ വിടവിലെങ്കിലും ആ പാർട്ടിക്കും നേതൃത്വത്തിനും സാധിക്കേണ്ടതുണ്ട്. ‘ഉത്തമ കമ്മ്യൂണിസ്റ്റായി ആരുമില്ല. എല്ലാവർക്കും അവരവരുടേതായ പ്ലസും മൈനസുമുണ്ട്. അതിനാൽ, നല്ല കമ്മ്യൂണിസ്റ്റാവുകയെന്നത് ജീവിതകാലം മുഴുവനുള്ള പോരാട്ടമെ’ന്ന് ഓർമിപ്പിച്ച വിപ്ലവ സൂര്യന് ഒരായിരം അന്ത്യോപചാരങ്ങൾ.