പട്ന– ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ നേടിയ അട്ടിമറി വിജയത്തിന് പിന്നിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (SIR) ആണെന്ന് ഗുരുതര ആരോപണവുമായി ദി ക്വിന്റ്. മഹാസഖ്യത്തിൽ നിന്ന് എൻ.ഡി.എ പിടിച്ചെടുത്ത 75 സീറ്റുകളിലും വിജയ ഭൂരിപക്ഷം, ആ മണ്ഡലങ്ങളിൽ എസ്.ഐ.ആർ വഴി വെട്ടിമാറ്റിയ വോട്ടുകളുടെ എണ്ണത്തേക്കാൾ കുറവാണെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. മൊത്തത്തിൽ 174 മണ്ഡലങ്ങളിൽ ജയപരാജയങ്ങൾ തീരുമാനിച്ച വോട്ട് വ്യത്യാസം, അവിടെ എസ്.ഐ.ആറിന്റെ പേരിൽ നീക്കം ചെയ്ത വോട്ടുകളേക്കാൾ കുറവാണെന്നും ദി ക്വിന്റ് വെളിപ്പെടുത്തുന്നു.
ഏറ്റവും ശ്രദ്ധേയമായത് 91 മണ്ഡലങ്ങളിലെ ഫലമാണ്. ഈ മണ്ഡലങ്ങളിലെല്ലാം കൂട്ടത്തോടെ വോട്ടുകൾ വെട്ടിമാറ്റിയതായി ആരോപണമുണ്ടായിരുന്നു. 2020-ൽ ഈ 91 സീറ്റുകളിൽ മഹാസഖ്യം ഭൂരിപക്ഷവും നേടിയിരുന്നു. എന്നാൽ 2025-ൽ ഈ 91 മണ്ഡലങ്ങളിലെ ജനവിധി പൂർണമായി മാറിമറിഞ്ഞു. അതിൽ 75 സീറ്റും എൻ.ഡി.എ പിടിച്ചെടുത്തു. മഹാസഖ്യത്തിന് തിരിച്ചുപിടിക്കാനായത് വെറും 15 സീറ്റ് മാത്രം.2020-ൽ ഈ 91 മണ്ഡലങ്ങളിൽ വെറും 14 സീറ്റുകൾ മാത്രം ഉണ്ടായിരുന്ന എൻ.ഡി.എ, എസ്.ഐ.ആർ നടപ്പാക്കി ലക്ഷക്കണക്കിന് വോട്ടുകൾ വെട്ടിമാറ്റിയ ശേഷം നടന്ന തെരഞ്ഞെടുപ്പിൽ 75 സീറ്റുകളിലേക്ക് കുതിച്ചുചാട്ടം നടത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.



