റിയാദ്- സൗദി അറേബ്യയുടെ ദേശീയ കറൻസിയായ സൗദി റിയാലിന് പ്രത്യേക ചിഹ്നമായി. ദേശീയ കറൻസിയുടെ ഐഡന്റിറ്റി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപകൽപന ചെയ്ത റിയാലിന്റെ ചിഹ്നത്തിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അംഗീകാരം നൽകി. അറബിക് കാലിഗ്രാഫിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്ത ചിഹ്നം ദേശീയ കറൻസിയെ പ്രതിനിധീകരിക്കും.
പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ രാജ്യത്തിന്റെ സാമ്പത്തിക ഐഡന്റിറ്റി ശക്തിപ്പെടുത്തുന്നതിന് തീരുമാനം സഹായിക്കുമെന്ന് സാമ(സൗദി അറേബ്യൻ മോണിറ്ററിംഗ് ഏജൻസി) ഗവർണർ അയ്മാൻ അൽ-സയ്യാരി വിശദീകരിച്ചു, സാമ്പത്തിക, വാണിജ്യ ഇടപാടുകളിലും വിവിധ ആപ്ലിക്കേഷനുകളിലും ചിഹ്നം ഉടൻ പ്രതിഫലിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയ സ്വത്വത്തിലും സാംസ്കാരിക ബന്ധത്തിലും അഭിമാനം വളർത്തുക, സൗദി റിയാലിന്റെ പദവി ഉയർത്തിക്കാട്ടുക, ആത്മവിശ്വാസം വർദ്ധിപ്പിക്കുക, പ്രധാന ആഗോള സമ്പദ്‌വ്യവസ്ഥകളിലും ജി 20 രാജ്യങ്ങളിലും രാജ്യത്തിന്റെ സ്ഥാനം തെളിയിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഈ സംരംഭം ആഗോള സാമ്പത്തിക വ്യവസ്ഥയിൽ ദേശീയ കറൻസിയുടെ പങ്കിന്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യം എടുത്തുകാണിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉയർന്ന സാങ്കേതിക മാനദണ്ഡങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്ത ദേശീയ കറൻസി ചിഹ്നം രാജ്യത്തിന്റെ സമ്പന്നമായ സംസ്കാരത്തെയും പൈതൃകത്തെയും ഉൾക്കൊള്ളുന്നതാണ്. അറബിക് കാലിഗ്രാഫിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു രൂപകൽപ്പനയോടെ, ഈ ചിഹ്നം സൗദിയുടെ ദേശീയ കറൻസിയായ “SAR” ന്റെ പേര് ഉൾക്കൊള്ളുന്നതാണ്. പ്രാദേശിക,അന്തർദേശീയ സാഹചര്യങ്ങളിൽ റിയാലിന്റെ പ്രാതിനിധ്യം ഈ ചിഹ്നം വർദ്ധിപ്പിക്കും, എല്ലാ സാമ്പത്തിക, വാണിജ്യ ഇടപാടുകളിലും സൗദി റിയാലിനെ പരാമർശിക്കുന്നതിന് ഈ ചിഹ്നം ഉപയോഗിക്കും.