വാഷിംഗ്ടണ്‍ – വാഷിംഗ്ടണ്‍ ഡി.സി.യില്‍ വൈറ്റ് ഹൗസിന് സമീപം വെടിയേറ്റ് രണ്ട് നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ മരിച്ചതായി വെസ്റ്റ് വിര്‍ജീനിയ ഗവര്‍ണര്‍. 2021 ല്‍ അമേരിക്കയിലേക്ക് കുടിയേറിയ അഫ്ഗാനി യുവാവാണ് ആക്രമണം നടത്തിയതെന്ന് യു.എസ് അധികൃതര്‍ സ്ഥിരീകരിച്ചു. സംഭവത്തിനിടെ ഗുരുതരമായി പരിക്കേറ്റ അക്രമി കനത്ത വില നല്‍കേണ്ടിവരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ് നടന്നതായി വാഷിംഗ്ടണ്‍ പോലീസ് പ്രത്യേക പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. സംശയിക്കപ്പെടുന്നയാളെ പിടികൂടിയതായും പ്രദേശം സുരക്ഷിതമാക്കിയതായും പോലീസ് കൂട്ടിച്ചേര്‍ത്തു.


സംഭവത്തെ കുറിച്ച് പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് പറഞ്ഞു. വെടിവെപ്പില്‍ രണ്ട് നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും അവരെ വ്യത്യസ്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും ട്രംപ് പറഞ്ഞു. ആക്രമണം നടത്തിയ ആയുധധാരിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 2021 ല്‍ അമേരിക്കയില്‍ പ്രവേശിച്ച 29 കാരനായ അഫ്ഗാനി കുടിയേറ്റക്കാരനായ റഹ്മാനുല്ല ലഖന്‍വാള്‍ ആണ് വെടിവെച്ചതെന്ന് യു.എസ് നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.ബി.എസ് ചാനല്‍ നെറ്റ്‌വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. കൈത്തോക്ക് ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയതെന്നും സംഭവം ഭീകരാക്രമണമാണെന്നാണ് കരുതുന്നതെന്നും മുതിര്‍ന്ന നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന്, വാഷിംഗ്ടണ്‍ ഡി.സിയിയില്‍ 500 നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ കൂടി വിന്യസിക്കുമെന്ന് പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. ഇതോടെ വാഷിംഗ്ടണില്‍ നിയമിക്കുന്ന നാഷണല്‍ ഗാര്‍ഡ് അംഗങ്ങളുടെ മൊത്തം എണ്ണം 2,500 ആയി ഉയരും. ഇത് വാഷിംഗ്ടണിനെ സുരക്ഷിതമായ സ്ഥലമാക്കാനുള്ള ഞങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ ശക്തിപ്പെടുത്തുമെന്നും ഡൊമിനിക്കന്‍ റിപ്പബ്ലിക് സന്ദര്‍ശിക്കുന്ന പീറ്റ് ഹെഗ്‌സെത്ത് കൂട്ടിച്ചേര്‍ത്തു.



